ലണ്ടന്‍ : ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂര്‍ണമെന്‍റായ റോയല്‍ വണ്‍ഡേ കപ്പില്‍ (Royal one day cup) നോര്‍ത്താംപ്‌ടണ്‍ഷെയറിനായി (Northamptonshire) മിന്നും പ്രകടനമാണ് ഇന്ത്യയുടെ യുവതാരം പൃഥ്വി ഷാ (Prithvi Shaw) നടത്തുന്നത്. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് 23-കാരന്‍ ഇംഗ്ലീഷ് കൗണ്ടി ടീമിനായി കളിക്കാന്‍ ഇറങ്ങിയത്. നോര്‍ത്താംപ്‌ടണ്‍ഷെയറിനായി റോയല്‍ വണ്‍ഡേ കപ്പില്‍ റണ്‍സടിച്ച് കൂട്ടുകയാണ് താരം.
ഇരട്ട സെഞ്ചുറിയും പിന്നാലെ സെഞ്ചുറിയും അടിച്ച് ടീമിന്‍റെ വമ്പന്‍ വിജയങ്ങളില്‍ മുതല്‍ക്കൂട്ടാവാനും ഇതിനകം തന്നെ പൃഥ്വി ഷായ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. താരത്തിന്‍റെ ഈ പ്രകടനത്തെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് നോര്‍ത്താംപ്‌ടണ്‍ഷെയര്‍ പരിശീലകന്‍ ജോൺ സാഡ്‌ലർ (John Sadler). പൃഥ്വി ഷായെ "സൂപ്പർസ്റ്റാർ" എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
23-കാരന്‍ തങ്ങളുടെ ഡ്രസിങ് റൂമിലെ ഒരു താരമാണെന്നും ജോൺ സാഡ്‌ലർ പറഞ്ഞു. "പൃഥ്വി ഷായെ വിശേഷിപ്പിക്കാൻ പറ്റിയ വാക്ക് വിനയം എന്നതാണ്. തികഞ്ഞ ബഹുമാനമുള്ള ഒരു വ്യക്തിയാണവന്‍. ഈ ടീമിന്‍റെ ഭാഗമാവുന്നത് അവന്‍ ഇഷ്‌ടപ്പെടുന്നു.
അതുപോലെ തന്നെ അവന്‍ ഇവിടെയുണ്ടാകാൻ ഞങ്ങളും ആഗ്രഹിക്കുന്നുണ്ട്. കളിക്കളത്തിലെ പ്രകടനം തന്നെ അവന്‍റെ കഴിവുകളെക്കുറിച്ച് സംസാരിക്കുന്നതാണ്. അവന്‍ ശരിക്കും ഒരു സൂപ്പര്‍ സ്റ്റാറാണ്.
25 വര്‍ഷക്കാലയളവില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണവന്‍. ബോള്‍ സ്‌ട്രൈക്ക് ചെയ്യാന്‍ അത്രയും മികച്ച കഴിവാണ് അവനുള്ളത്. ഓരോ മത്സരങ്ങളും വിജയിക്കാന്‍ അവന്‍ ആത്മാർഥമായി തന്നെ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ ഡ്രസിങ് റൂമിലെ താരമാണവന്‍" - ജോൺ സാഡ്‌ലർ പറഞ്ഞു.