ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ നിന്ന് ബയോ ബബിള്‍ സംവിധാനം ബിസിസിഐ ഒഴിവാക്കിയേക്കും. കളിക്കാരുടെ മാനസിക ക്ഷേമം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു. “എല്ലാം ശരിയായി നടക്കുകയും ഇപ്പോൾ ഉള്ളതുപോലെ കാര്യങ്ങൾ നിയന്ത്രണത്തില്‍ ആയിരിക്കുകയും ചെയ്താൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിൽ ബയോ ബബിൾ സംവിധാനവും കഠിനമായ ക്വാറന്‍റൈനും ഉണ്ടാകില്ല,” ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
നിയന്ത്രിത പ്രദേശങ്ങളിൽ ഒതുങ്ങിനിൽക്കുന്നത് കളിക്കാരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത് ദീർഘകാലത്തേക്ക് നടപ്പിലാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടീസിനെതിരായ പരമ്പരയ്‌ക്ക് പിന്നാലെ അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കുമാണ് ടീം ഇന്ത്യ പോവുക. അവിടെയും ബയോ ബബിൾ ഉണ്ടാകില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.