മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ നോ ബോള്‍ വിവാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നായകന്‍ റിഷഭ് പന്ത്, ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂര്‍, സഹപരിശീലകന്‍ പ്രവീണ്‍ ആംറെ എന്നിവര്‍ക്കെതിരെ നടപടിയെടുത്തു. മൂന്ന് പേര്‍ക്കും കനത്ത പിഴ ചുമത്തിയപ്പോള്‍ പ്രവീണ്‍ ആംറെയ്ക്ക് ഒരു മത്സരത്തിന് വിലക്കും ലഭിച്ചിട്ടുണ്ട്.
മാച്ച് ഫീയുടെ 100 ശതമാനം പിഴ ശിക്ഷയാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് വിധിച്ചിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.7ന് കീഴില്‍ വരുന്ന ലെവല് - രണ്ട് കുറ്റമാണ് പന്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി നായകന്‍ കുറ്റം സമ്മതിച്ചതായി ഐപിഎല്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
മാച്ച് ഫീയുടെ 50 ശതമാനം പിഴ ശിക്ഷയാണ് ശാര്‍ദുല്‍ താക്കൂറിന് വിധിച്ചിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.8ന് കീഴില്‍ വരുന്ന ലെവല്- രണ്ട് കുറ്റമാണ് ശാര്‍ദുലിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം ചെയ്‌തതായി ശാര്‍ദുല്‍ സമ്മതിച്ചിട്ടുണ്ട്.
സഹപരിശീലകനായ പ്രവീണ്‍ ആംറെ പെരുമാറ്റച്ചട്ടത്തിന്‍റെ ആര്‍ട്ടിക്കിള്‍ 2.2ന് കീഴില്‍ വരുന്ന ലെവല്- രണ്ട് കുറ്റമാണ് ചെയ്‌തിരിക്കുന്നത്. ഇതോടെ മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കുമാണ് ശിക്ഷയായി ലഭിച്ചത്. ആംറെയും കുറ്റം സമ്മതിച്ചതായി ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കി.