പാരീസ്:ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്‌മര്‍ എന്നിവരുടെ പ്രകടനത്തില്‍ വമ്പന്‍ പ്രതീക്ഷയാണ് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയ്‌ക്കുള്ളത്. എന്നാല്‍ സൂപ്പര്‍ താരങ്ങളെ ഇടയ്‌ക്കിടെ വലയ്‌ക്കുന്ന പരിക്ക് ക്ലബിന് വമ്പന്‍ തിരിച്ചടിയാണ്. ഏറ്റവും ഒടുവില്‍ ബ്രസീലിയന്‍ താരം നെയ്‌മര്‍ക്കാണ് പരിക്കേറ്റതിനെ തുടര്‍ന്ന് കളം വിടേണ്ടി വന്നത്.
ഫ്രഞ്ച് ലീഗില്‍ ലില്ലെയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ താരത്തെ സ്‌ട്രെക്‌ച്ചറിലാണ് പുറത്തെത്തിച്ചത്. ഇപ്പോഴിതാ താരങ്ങളെ വിടാതെ പിന്തുടരുന്ന പരിക്കിന്‍റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് കോച്ച് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ. ക്ലബിന്‍റെ തിരക്കേറിയ ഷെഡ്യൂളിന് താരങ്ങളുടെ പരിക്കില്‍ പങ്കുണ്ടെന്നാണ് ക്രിസ്‌റ്റോഫ് ഗാൽറ്റിയർ പറയുന്നത്.
"ഇത് നിര്‍ഭാഗ്യമല്ല. പരിക്കുകൾക്ക് എല്ലായ്‌പ്പോഴും കാരണങ്ങളുണ്ട്. തിരക്കേറിയ ഷെഡ്യൂൾ, മത്സരങ്ങളുടെ ക്രമം എന്നിവയെല്ലാം കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു". ക്രിസ്‌റ്റോഫ് ഗാൽറ്റിയർ പറഞ്ഞു. നെയ്‌മറിന്‍റെ പരിക്കിന്‍റെ തീവ്രത അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും താരത്തിന്‍റെ കാലിന് ഒടിവ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.