ഹാമില്‍ട്ടണ്‍:ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 89 റണ്‍സില്‍ നില്‍ക്കേയാണ് മഴ വില്ലനായെത്തിയത്. കളിയുടെ തുടക്കത്തിലും മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 29 ഓവറായി മത്സരം നേരത്തെ വെട്ടിക്കുറച്ചിരുന്നു.
ഇന്ത്യക്കെതിരെ രണ്ടാം മത്സരത്തിലും ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ സന്ദര്‍ശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് പതിനഞ്ച് മിനിട്ടോളം വൈകിയാണ് മത്സരത്തില്‍ ടോസ് വീണത്. എങ്കിലും മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ മത്സരം ആരംഭിച്ചത് ആരാധകരില്‍ പ്രതീക്ഷ ഉയര്‍ത്തി.
ഇന്ത്യക്കായി ശിഖര്‍ ധവാനും ശുഭ്‌മാന്‍ ഗില്ലും ഭേദപ്പെട്ട തുടക്കം നല്‍കി നില്‍ക്കുന്നതിനിടെയാണ് വില്ലനായി ആദ്യം മഴയെത്തിയത്. ഈ സമയം 4.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സ് നേടിയിരുന്നു. മഴയെ തുടര്‍ന്ന് മൂന്നര മണിക്കൂറോളം നിര്‍ത്തിവച്ച ശേഷമാണ് ഓവര്‍ വെട്ടിച്ചുരുക്കി മത്സരം പുനരാരംഭിക്കാന്‍ തീരുമാനമായത്.
29 ഓവറായി മത്സരം പുനരാരംഭിച്ചതിന് പിന്നാലെ ക്യാപ്‌റ്റന്‍ ശിഖര്‍ ധവാന്‍ മൂന്ന് റണ്‍സുമായി മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ആണ് പിന്നീട് ഗില്ലിനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് 12.5 ഓവറില്‍ ടീം ടോട്ടല്‍ 89ല്‍ എത്തിച്ച സാഹചര്യത്തിലാണ് വീണ്ടും മഴ കളിയെ തടസപ്പെടുത്തിയത്.