ഓക്‌ലന്‍ഡ്:ടി20 ക്യാപ്റ്റനായുള്ള ഷഹീന്‍ ഷാ അഫ്രീദിയുടെ (Shaheen Shah Afridi) അരങ്ങേറ്റ മത്സരത്തില്‍ പാകിസ്ഥാനെ പൊളിച്ചടുക്കി ന്യൂസിന്‍ഡ്. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന ആദ്യ ടി20യില്‍ 46 റണ്‍സിനാണ് പാക് പടയെ കിവികള്‍ തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഉയര്‍ത്തി 227 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 18 ഓവറില്‍ 180 റണ്‍സിന് ഓള്‍ഔട്ടായി. (New Zealand vs Pakistan 1st T20I Highlights)
36 പന്തില്‍ 57 റണ്‍സ് നേടിയ ബാബര്‍ അസമാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. കിവീസിനായി പ്രീമിയം പേസര്‍ ടിം സൗത്തി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ 150 വിക്കറ്റ് തികയ്‌ക്കുന്ന ആദ്യ കിവീസ് താരമാവാന്‍ സൗത്തിക്ക് കഴിഞ്ഞു. വമ്പന്‍ ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ പാകിസ്ഥാന് വെടിക്കെട്ട് തുടക്കമായിരുന്നു ലഭിച്ചത്.
മുഹമ്മദ് റിസ്‌വാനെ ഒരറ്റത്ത് നിര്‍ത്തി അടിച്ച് തകര്‍ത്ത സൈം അയുബ് (8 പന്തില്‍ 27) റണ്ണൗട്ടായി മടങ്ങുമ്പോള്‍ ആദ്യ വിക്കറ്റില്‍ 2.2 ഓവറില്‍ 33 റണ്‍സായിരുന്നു സന്ദര്‍ശകരുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ ബാബര്‍ അസമിനൊപ്പം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച റിസ്‌വാനെ (14 പന്തില്‍ 25) സൗത്തി പിടിച്ചുകെട്ടുമ്പോള്‍ പാക് സ്‌കോര്‍ 63 റണ്‍സിലേക്ക് എത്തിയിരുന്നു.
പിന്നീട് ബാബര്‍, ഫഖര്‍ സമാനൊപ്പം (10 പന്തില്‍ 15) 27 റണ്‍സിന്‍റേയും ഇഫ്‌ത്തിഖര്‍ അഹമ്മദിനൊപ്പം(17 പന്തില്‍ 24) 40 റണ്‍സിന്‍റേയും കൂടുകെട്ട് ഉയര്‍ത്തിയതോടെ 12.4 ഓവറില്‍ നാലിന് 130 റണ്‍സ് എന്ന നിലയിലേക്ക് എത്താന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ താരങ്ങള്‍ നിരാശപ്പെടുത്തിയത് ടീമിന് മത്സരവും നഷ്‌ടമാക്കി. അസം ഖാന്‍ (9 പന്തില്‍ 10), ഷഹീന്‍ ഷാ അഫ്രീദി (2 പന്തില്‍ 0), എന്നിവര്‍ക്ക് പിന്നാലെ ബാബറും വീണു. ഉസാമ മിര്‍ (2 പന്തില്‍ 1), അബ്ബാസ് അഫ്രീദി (2 പന്തില്‍ 1), ഹാരിസ് റൗഫ് (2 പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ആമിര്‍ ജമാല്‍ (7 പന്തില്‍ 14) പുറത്താവാതെ നിന്നു.
ALSO READ: 'കൈവിട്ട കളി' തുടർന്ന് പാക് പട, ഇത്തവണ ക്യാച്ച് നിലത്തിട്ടത് ബാബർ അസം
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 226 റണ്‍സ് എന്ന നിലയിലേക്ക് എത്തിയത്. ഡാരില്‍ മിച്ചല്‍ (27 പന്തില്‍ 61), കെയ്ന്‍ വില്യംസണ്‍ (42 പന്തില്‍ 57) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഫിന്‍ അലന്‍ (15 പന്തില്‍ 34) മാര്‍ക്ക് ചാപ്‌മാനും (11 പന്തില്‍ 26) തിളങ്ങി.
പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി, അബ്ബാസ് അഫ്രീദി എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഹാരിസ് റൗഫിന് രണ്ട് വിക്കറ്റുണ്ട്. ഓക്‌ലന്‍ഡിലെ വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തി.