ബേ ഓവല്‍: ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി20യില്‍ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങിനൊപ്പം ടിം സൗത്തിയുടെ ഹാട്രിക്ക് മികവും ശ്രദ്ധേയമായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ അവസാന ഓവറിലാണ് സൗത്തി ഹാട്രിക് നേടിയത്. ഓവറിലെ മൂന്നാം പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ ജിമ്മി നീഷാമിന്‍റെ കയ്യിലെത്തിച്ചാണ് സൗത്തി തുടങ്ങിയത്.
തുടര്‍ന്ന് നാലാം പന്തില്‍ ദീപക് ഹൂഡയേയും അഞ്ചാം പന്തില്‍ വാഷിങ്‌ടണ്‍ സുന്ദറിനെയും തിരിച്ചയച്ചാണ് കിവീസ് പേസര്‍ ഹാട്രിക് തികച്ചത്. ഹൂഡയെ ലോക്കി ഫെര്‍ഗൂസനും സുന്ദറിനെ നീഷാമുമാണ് പിടികൂടിയത്. ടി20 ഫോര്‍മാറ്റില്‍ ഇത് രണ്ടാം തവണയാണ് സൗത്തി ഹാട്രിക് നേടുന്നത്.
നേരത്തെ 2010ല്‍ ബംഗ്ലാദേശിന് എതിരെയായിരുന്നു സൗത്തിയുടെ ഹാട്രിക് നേട്ടം. ഇതോടെ ടി20യിൽ രണ്ട് ഹാട്രിക്കുകൾ നേടുന്ന രണ്ടാമത്തെ മാത്രം താരമാവാനും കിവീസ് പേസര്‍ക്ക് കഴിഞ്ഞു. ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയാണ് സൗത്തിക്ക് മുന്നെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്.
2017ല്‍ ബംഗ്ലാദേശിനെതിരെയും 2019ല്‍ ന്യൂസിലന്‍ഡിനെതിരെയുമാണ് ലസിത് മലിംഗയുടെ ഹാട്രിക് നേട്ടം. അതേസമയം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന നേട്ടം നിലവില്‍ സൗത്തിക്ക് സ്വന്തമാണ്. 106 മത്സരങ്ങളില്‍ നിന്നും 132 വിക്കറ്റുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
also read:IND vs NZ: ബേ ഓവലിലെ വെടിക്കെട്ട്; രോഹിത്തിനെ പിന്നിലാക്കി സൂര്യയ്‌ക്ക് പുതിയ റെക്കോഡ്