വെല്ലിങ്‌ടണ്‍: ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന താരമെന്ന വമ്പന്‍ നേട്ടം സ്വന്തമാക്കി കെയ്‌ന്‍ വില്യംസണ്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സിലെ സെഞ്ച്വറി പ്രകടനത്തോടെയാണ് വില്യംസണ്‍ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. 282 പന്തില്‍ 132 റണ്‍സാണ് 32കാരന്‍ നേടിയത്.
നിലവില്‍ 92 മത്സരങ്ങളില്‍ 52.96 ശരാശരിയില്‍ 7,787 റണ്‍സാണ് വില്യംസണിന്‍റെ അക്കൗണ്ടിലുള്ളത്. 25 സെഞ്ച്വറികളും 33 അര്‍ധ സെഞ്ച്വറികളുമുള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. ഇതോടെ 112 മത്സരങ്ങളില്‍ നിന്നും 7,683 റണ്‍സ് നേടിയ റോസ് ടെയ്‌ലറുടെ റെക്കോഡാണ് പഴങ്കഥയായത്.
തന്‍റെ റെക്കോഡ് തകര്‍ക്കപ്പെട്ടതിന് പിന്നാലെ വില്യംസണെ അഭിനന്ദിച്ച് റോസ് ടെയ്‌ലര്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. വില്യംസണിന്‍റെ കഠിനാധ്വാനത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും തെളിവാണെന്നാണ് ടെയ്‌ലര്‍ കുറിച്ചിരിക്കുന്നത്. അതേസമയം മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.
വെല്ലിങ്‌ടണ്‍ ടെസ്റ്റിന്‍റെ അഞ്ചാം ദിനത്തില്‍ ഒമ്പത് വിക്കറ്റുകള്‍ ശേഷിക്ക ഇംഗ്ലണ്ടിന് വിജയിക്കാന്‍ 210 റണ്‍സാണ് വേണ്ടത്. കിവീസ് ഉയര്‍ത്തിയ 258 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 48 റണ്‍സെടുത്ത് നില്‍ക്കെയാണ് നാലാം ദിനം സ്‌റ്റംപെടുത്തത്. ഓപ്പണര്‍ സാക് ക്രൗളിയുടെ (24) വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. ബെന്‍ ഡക്കറ്റ് (23*), നൈറ്റ് വാച്ച്മാന്‍ ഒല്ലി റോബിന്‍സണ്‍ (1*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 435 റണ്‍സിന് ഡിക്ലയര്‍ ചെയ്‌തിരുന്നു. മറുപടിക്കിറങ്ങിയ കിവീസ് 209 റണ്‍സിന് പുറത്താതോടെ ഫോളോ ഓണിന് അയയ്‌ക്കപ്പെട്ടു. ഇതോടെ രണ്ടാം ഇന്നിങ്‌സ് ബാറ്റു ചെയ്‌ത കിവീസ് വില്യംസണിന്‍റെ സെഞ്ച്വറിക്കരുത്തില്‍ 483 റണ്‍സാണ് നേടിയത്.