മെൽബണ്‍: ടി20 ലോകകപ്പിൽ കളി തുടർന്ന് മഴ. കനത്ത മഴയെ തുടർന്ന് മെൽബണിൽ ഇന്ന് നടക്കേണ്ടിയിരുന്ന ന്യൂസിലൻഡ്- അഫ്‌ഗാനിസ്ഥാൻ മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടെടുത്തു. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്‍റുമായി ന്യൂസിലൻഡ് ഒന്നാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്‍റുള്ള അഫ്‌ഗാനിസ്ഥാൻ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
ഓസ്‌ട്രേലിയയിൽ കളി തുടർന്ന് മഴ; ന്യൂസിലൻഡ്- അഫ്‌ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു - ഓസ്‌ട്രേലിയയിൽ കളി തുടർന്ന് മഴ
ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്‍റ് വീതം പങ്കിട്ടെടുത്തു
അതേസമയം ലോകകപ്പിന് ഭീഷണിയുയർത്തി ഓസ്‌ട്രേലിയയിൽ മഴ തകർത്ത് പെയ്യുകയാണ്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം കരുത്തരായ ഇംഗ്ലണ്ടിനെ അയർലൻഡ് അട്ടിമറിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത അയർലൻഡ് 19.2 ഓവറിൽ 157 റണ്‍സിന് ഓൾ ഔട്ട് ആയി. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 14.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 105 റണ്‍സ് എടുത്ത് നിൽക്കെ മഴമൂലം മത്സരം നിർത്തിവച്ചു.
മത്സരം തുടരാനാവാതെ വന്നതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം അയർലൻഡിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ കനത്ത മഴയെത്തുടർന്ന് ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ പോരാട്ടവും ഉപേക്ഷിച്ചിരുന്നു. മഴയെത്തുടർന്ന് മത്സരം ഒൻപത് ഓവറായി ചുരുക്കിയെങ്കിലും ഇടയ്‌ക്കിടെ മഴ തടസമായി എത്തിയതിനാൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.