ധര്‍മ്മശാല:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ന്യൂസിലന്‍ഡ്. ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച കിവീസ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്‌ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയോടായിരുന്നു അവരുടെ ആദ്യ തോല്‍വി.
അടുത്ത മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയ ആണ് ന്യൂസിലന്‍ഡിന്‍റെ എതിരാളികള്‍. ഒക്ടോബര്‍ 28ന് ധര്‍മ്മശാലയിലാണ് ഈ മത്സരം. മത്സരത്തിന് മുന്നോടിയായി ഹിമാചലില്‍ എത്തിയ ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍ മക്ലിയോഡ്‌ഗഞ്ചിൽ (McLeodganj) എത്തി ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുമായി (Dalai Lama) കൂടിക്കാഴച നടത്തിയിരുന്നു (New Zealand Players Meet Dalai Lama).
ഇന്ന് (ഒക്ടോബര്‍ 24) രാവിലെയാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍ ദലൈലാമയെ കാണാന്‍ എത്തിയത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങള്‍ കളിക്കാതിരുന്ന നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson), പേസര്‍മാരായ ട്രെന്‍റ് ബോള്‍ട്ട് (Trent Boult), ലോക്കീ ഫെര്‍ഗൂസന്‍ (Lockie Ferguson), ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര ഉള്‍പ്പടെയുള്ള പ്രധാന താരങ്ങളടങ്ങിയ സംഘമാണ് ദലൈലാമയെ കാണാനെത്തിയത്.
ലോകകപ്പില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച ടീമുകളിലൊന്നാണ് ന്യൂസിലന്‍ഡ്. ആദ്യ അഞ്ച് മത്സരം കഴിഞ്ഞപ്പോള്‍ എട്ട് പോയിന്‍റ് സ്വന്തമാക്കാന്‍ കിവീസിന് സാധിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിലും ഇതേ പ്രകടനം തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം പ്രവശ്യവും ലോകകപ്പ് സെമിയില്‍ ഇടം ഉറപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം.