കൊൽക്കത്ത : ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്‌റ്റൻ രോഹിത് ശർമ(Rohit Sharma)യുടെ (31 പന്തിൽ 56) ബാറ്റിങ് മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സ് നേടി. അവസാന ഓവറിൽ തകർത്തടിച്ച ദീപക് ചഹാറും(Deepak Chahar) (8 പന്തിൽ 21) സ്കോർ വളരെ വേഗത്തിൽ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ഓപ്പണർമാരായ ഇഷാൻ കിഷനും(Ishan Kishan) രോഹിത് ശർമയും ചേർന്ന് മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 69 റണ്‍സ് നേടി. ഇഷാൻ കിഷനെ (21 പന്തിൽ 29) പുറത്താക്കി മിച്ചൽ സാന്‍റ്നറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ സൂര്യകുമാർ യാദവിനെ അക്കൗണ്ട് തുറക്കും മുന്നേ അതേ ഓവറിൽ തന്നെ സാന്‍റ്നർ പുറത്താക്കി.
പിന്നാലെയെത്തിയ റിഷഭ് പന്തിനും(Rishab Pant) അധികനേരം പിടിച്ചുനിൽക്കാനായില്ല. നാല് റണ്‍സെടുത്ത താരത്തെ മിച്ചൽ സാന്‍റ്നർ പുറത്താക്കുകയായിരുന്നു. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ പോകുമ്പോഴും രോഹിത് ശർമ തകർത്തടിച്ചുകൊണ്ടിരുന്നു. ടീം സ്കോർ 100 കടന്നതിന് പിന്നാലെ രോഹിത്തും പുറത്തായി.
പിന്നീട് ഒന്നിച്ച ശ്രേയസ് അയ്യർ(Shreyas Iyer), വെങ്കിടേഷ് അയ്യർ(Venkatesh Iyer) കൂട്ടുകെട്ട് ടീം സ്കോർ വേഗത്തിലാക്കി. സ്കോർ 139ൽ നിൽക്കെ വെങ്കിടേഷ് അയ്യരെ(15 പന്തിൽ20) പുറത്താക്കി ട്രെന്‍റ് ബോൾട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ശ്രേയസ് അയ്യരും(20 പന്തിൽ 25) പുറത്തായി.
തുടർന്നെത്തിയ ഹർഷൽ പട്ടേലും, അക്‌സർ പട്ടേലും ചേർന്ന് വിക്കറ്റ് പോകാതെ ടീം സ്കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി. പിന്നാലെ തകർത്തടിക്കുകയായിരുന്ന ഹർഷൽ പട്ടേൽ(11 പന്തിൽ 18) ഹിറ്റ് വിക്കറ്റ് ആവുകയായിരുന്നു. ഇതോടെ ടീം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 എന്ന നിലയിലായി.
ALSO READ :Mitchell McClenaghan | 'ഇന്ത്യ ന്യൂസിലാൻഡ് പരമ്പര അർഥശൂന്യം', വിമർശനവുമായി മക്ലിനഘൻ
എന്നാൽ പിന്നീടിറങ്ങിയ ദീപക് ചഹാറിന്‍റെ വെടിക്കെട്ടിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അവസാന ഓവർ എറിയാനെത്തിയ ആദം മിൽനെക്കെതിരെ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 19 റണ്‍സാണ് ചഹാർ അടിച്ച് കൂട്ടിയത്. ന്യൂസിലാൻഡിനായി മിച്ചൽ സാന്‍റ്നർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ട്രെന്‍റ് ബോൾട്ട്, ആദം മിൽനെ, ലോക്കി ഫെർഗൂസണ്‍, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.