ദുബായ് : സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ടോസിന് തൊട്ടുമുൻപ് പാകിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ദുബായിൽ എത്തിച്ചേർന്നു. താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുമടക്കം 34 അംഗ സംഘമാണ് ചാർട്ടേർഡ് വിമാനത്തിൽ ദുബായിലെത്തിയത്. ഇവിടെ 24 മണിക്കൂർ താരങ്ങൾ ഐസൊലേഷനിൽ കഴിയും.
അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഉൾപ്പെടുന്ന 10 താരങ്ങൾ ഒഴികെയുള്ളവർ ഐസൊലേഷന് ശേഷം ന്യൂസിലാൻഡിലേക്ക് മടങ്ങും. അതേസമയം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് സുരക്ഷിതമായി പുറത്തുകടക്കാൻ സൗകര്യമൊരുക്കിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോര്‍ഡ് തലവൻ ഡേവിഡ് വൈറ്റ് നന്ദി അറിയിച്ചു.
രണ്ട് പതിറ്റാണ്ട് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ശേഷം മത്സരത്തിനെത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ആദ്യ മത്സരത്തിന്‍റെ ടോസിന് തൊട്ടുമുൻപാണ് പരമ്പരയിൽ നിന്ന് പിൻമാറിയത്. റാവൽപിണ്ടിയിൽ പാകിസ്ഥാനെതിരെ ഒന്നാം ഏകദിനത്തിന് ടോസ് ഇടാൻ മിനിട്ടുകള്‍ ശേഷിക്കെയാണ് പരമ്പരയിൽ നിന്ന് പിൻമാറിയതായി അറിയിച്ചത്.