ക്യൂൻസ് ടൗണ്‍: ന്യൂസിലൻഡിനെതിരായ ടി20 മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് തോല്‍വി. ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള ഏക ടി20 മത്സരത്തിൽ 18 റണ്‍സിന്‍റെ തോൽവിയാണ് ഇന്ത്യൻ വനിതകൾ വഴങ്ങിയത്. കിവീസിന്‍റെ 156 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 137 റണ്‍സേ നേടാനായുള്ളു.
ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 155 റണ്‍സ് നേടുകയായിരുന്നു. ഓപ്പണർമാരായ സൂസി ബേറ്റ്സിന്‍റെയും (36), സോഫി ഡിവിന്‍റെയും (31) മികച്ച കൂട്ടുകെട്ടാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 60 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
പിന്നാലെയെത്തിയ ലിയ താഹുഹു (27), മാഡി ഗ്രീൻ (26) എന്നിവരും സ്കോർ ഉയർത്തുന്നതിന് മികച്ച പിന്തുണ നൽകി. പൂജ വസ്‌ട്രാക്കർ, ദീപ്‌തി ശർമ്മ എന്നിവർ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.