ലണ്ടന്‍ : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന നെതർലാൻഡ്‌സ് പുരുഷ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ റയാൻ കാംബെല്‍ ആശുപത്രി വിട്ടു. തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നതിന് റോയൽ സ്റ്റോക്ക് ഹോസ്പിറ്റലിലെ ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും, ലോകമെമ്പാടുമുള്ള തന്‍റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.
നെഞ്ചുവേദനയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് 50കാരനായ കാംബെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുകെയില്‍ കുടുംബത്തോടൊപ്പം പുറത്തുപോയപ്പോഴായിരുന്നു താരത്തിന് ഹൃദയാഘാതമുണ്ടായത്. കോമയിലായിരുന്ന അദ്ദേഹം പതിയെയാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
അതേസമയം ഈ മാസം അവസാനം വെസ്റ്റ് ഇൻഡീസിനെതിരെ നാട്ടിൽ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി 50കാരൻ വീണ്ടും ഡച്ച് ക്യാമ്പിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിന്‍റെ ഭാഗമായ പരമ്പരയാണിത്. 2017 ജനുവരിയിലാണ് അദ്ദേഹം ഡച്ച് ടീമിന്‍റെ പരിശീലകനായി നിയമിതനായത്.
also read: ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ല; താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്‌ക്കാനൊരുങ്ങി മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്
ഒരു കളിക്കാരനെന്ന നിലയിൽ, ഓസ്‌ട്രേലിയയെയും ഹോങ്കോങ്ങിനെയും കാംബെൽ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016ലെ ടി20 ലോകകപ്പില്‍ ഹോങ്കോങ്ങിനായാണ് കാംബെല്‍ കളത്തിറങ്ങിയത്. അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരമാണ് കാംബെല്‍. 44 വയസും 30 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ടി20യിലെ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയത്.