ഹാങ്‌ചോ: ലോക ടി20 ക്രിക്കറ്റിലെ വമ്പന്‍ റെക്കോഡുകള്‍ മാറ്റി എഴുതി ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് ഏഷ്യന്‍ ഗെയിംസിലെ (Asian Games 2023) നേപ്പാള്‍-മംഗോളിയ (Records in Nepal vs Mongolia T20I) മത്സരം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ നേപ്പാള്‍ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 314 റണ്‍സാണ് അടിച്ച് കൂട്ടിയത്. അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത് (Highest totals in T20Is).
2019-ല്‍ അയര്‍ലന്‍ഡിനെതിരെ അഫ്‌ഗാന്‍ സ്ഥാപിച്ച മൂന്നിന് 278 എന്ന റെക്കോഡാണ് നേപ്പാള്‍ പഴങ്കഥയാക്കിയത്. അന്ന് ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ടീമെന്ന റെക്കോഡും അഫ്‌ഗാന്‍ നേടിയിരുന്നു. 22 സിക്‌സറുകളായിരുന്നു അഫ്‌ഗാന്‍ ഇന്നിങ്‌സിലുണ്ടായിരുന്നത്.
എന്നാല്‍ മംഗോളിയയ്‌ക്ക് എതിരെ നേപ്പാള്‍ ഈ റെക്കോഡും തൂക്കി. നേപ്പാള്‍ താരങ്ങള്‍ ചേര്‍ന്ന് 26 സിക്‌സറുകളായിരുന്നു അടിച്ച് കൂട്ടിയത്. ഇതോടൊപ്പം ടി20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയും ഈ മത്സരത്തില്‍ പിറന്നു.
50 പന്തുകളില്‍ പുറത്താവാതെ 137 റണ്‍സ് നേടിയ കുശാല്‍ മല്ലയുടെ പ്രകടനമായിരുന്നു നേപ്പാളിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. അന്താരാഷ്‌ട്ര തലത്തില്‍ ആദ്യ ടി20 മത്സരം കളിക്കുന്ന മംഗോളിയന്‍ ബോളര്‍മാരെ കടന്നാക്രമിച്ച കുശാല്‍ മല്ല 34 പന്തുകള്‍ മൂന്നക്കം തൊട്ടിരുന്നു. ഇതോടെ ടി20യില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറിയടിച്ച താരമായും മല്ല മാറി (Kushal Malla Fastest T20I Century).
ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ (35 പന്തില്‍), ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ Rohit Sharma (35), ചെക്ക് റിപ്പബ്ലിക്കിന്‍റെ എസ് വിക്രമശേഖര (35) എന്നിവരെയാണ് നേപ്പാള്‍ താരം പിന്നിലാക്കിയത്. ക്യാപ്റ്റന്‍ രോഹിത് പൗഡല്‍ (27 പന്തില്‍ 61), ദിപേന്ദ്ര സിങ് ഐറി (10 പന്തില്‍ 52*) എന്നിവരും നേപ്പാള്‍ ടീമിനായി തിളങ്ങിയിരുന്നു.