കാഠ്‌മണ്ഡു:പീഡനക്കേസില്‍ ആരോപണവിധേയനായ നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെ അറസ്‌റ്റില്‍. ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് താരത്തെ കസ്‌റ്റഡിയിലെടുത്തത്. 17 കാരിയായ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും താൻ പൂർണ്ണമായും സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം നടത്തുമെന്നും ലാമിച്ചാമനെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഈ കുറിപ്പിലൂടെയാണ് താന്‍ ഒക്‌ടോബര്‍ ആറിന് രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന വിവരവും താരം അറിയിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനായാണ് അദ്ദേഹം രാജ്യം വിട്ടുനിന്നിരുന്നത്.
എന്നാല്‍ ടൂര്‍ണമെന്‍റിന് ശേഷവും മടങ്ങിയെത്താതിരുന്ന താരത്തെ കണ്ടെത്തുന്നതിന് സഹകരിക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്‍റര്‍പോള്‍ ഡിഫ്യൂഷൻ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 21ന് കാഠ്‌മണ്ഡുവിലെ ഒരു ഹോട്ടലില്‍വച്ചാണ് ലാമിച്ചാനെ പീഡിപ്പിച്ചതെന്നാണ് 17കാരിയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ലാമിച്ചാനെ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. നേപ്പാള്‍ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പോകുന്നതിന് തലേ ദിവസം (ഓഗസ്റ്റ് 21) തനിക്കൊപ്പം യാത്ര ചെയ്യാന്‍ സന്ദീപ് പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. രാത്രിയോടെ ഹോസ്റ്റല്‍ അടച്ചതിനാല്‍ കാഠ്‌മണ്ഡുവിലെ ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായി. തുടര്‍ന്നാണ് പീഡനമുണ്ടായതെന്നുമാണ് പരാതിയില്‍ പറയുന്നത്.
2018ല്‍ ഐപിഎല്ലില്‍ ഡല്‍ഹി ഡെയർഡെവിൾസ് ടീമിന് വേണ്ടി കളിച്ച സന്ദീപ് ലാമിച്ചാനെ ഇന്ത്യൻ ആരാധകർക്കും പ്രിയപ്പെട്ട താരമാണ്.