കറാച്ചി: കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ തോറ്റെന്ന് തോന്നിച്ചിടത്ത് നിന്നുമാണ് വിരാട് കോലി ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 19ാം ഓവറില്‍ പാക് പേസര്‍ ഹാരിസ് റൗഫ് വഴങ്ങിയ രണ്ട് സിക്‌സുകളാണ് മത്സരത്തില്‍ വഴിത്തിരിവായത്. റൗഫിന്‍റെ അഞ്ചാം പന്ത് ഒരു ബാക്ക് ഫൂട്ട് പഞ്ചിലൂടെ ലോങ് ഓണിലേക്കാണ് കോലി പറത്തിയത്.
തുടര്‍ന്ന് ആറാം പന്ത് ബിഹൈന്‍ഡ് സ്‌ക്വയര്‍ ലഗ്ഗിലേക്ക് ഫ്ലിക്കും ചെയ്‌തും കോലി അതിര്‍ത്തി കടത്തി. ആരാധകര്‍ കോരിത്തരിച്ച നിമിഷമായിരുന്നു അത്. ഇതിന്‍റെ നടുക്കം വിട്ടുമാറാന്‍ എറെ സമയമെടുത്തുവെന്ന് റൗഫ് പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ കോലിയുടെ വിക്കറ്റ് വീഴ്‌ത്താനുള്ള തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുയാണ് ഹാരിസ് റൗഫ്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ പാക് നായകന്‍ ബാബര്‍ അസമുമായുള്ള സംഭാഷണത്തിനിടെയാണ് ഹാരിസ് റൗഫ് ഇക്കാര്യം തുറന്ന് പറഞ്ഞത്. പിഎസ്‌എല്‍ ടീം ലാഹോർ ഖലന്ദർസാണ് ഇതിന്‍റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
വീഡിയോയില്‍ ഹാരിസ് റൗഫ് ബാബറോട് പറയുന്നതിങ്ങനെ... "എന്ത് സംഭവിച്ചാലും എനിക്ക് നിന്‍റെ വിക്കറ്റ് എടുത്താൽ മതി. നീയും കോലിയും മാത്രമാണ് ഇപ്പോൾ അപവാദം. വില്യംസണ്‍ രണ്ട് തവണ സ്ലിപ്പിൽ രക്ഷപ്പെട്ടിട്ടുണ്ട്.
ഈ മൂന്ന്.. നാല് കളിക്കാരുടെ വിക്കറ്റ് എപ്പോളും എന്‍റെ മനസിലുണ്ട്", റൗഫ് പറഞ്ഞു. പരിശീലന സെഷനില്‍ തന്നെ പുറത്താക്കിയത് എന്തുകൊണ്ടാണ് പരിഗണിക്കാത്തതെന്ന് ബാബര്‍ ചോദിച്ചപ്പോള്‍ മത്സരത്തിനിടെയുള്ള വിക്കറ്റാണ് തനിക്ക് വേണ്ടതെന്നാണ് റൗഫ് മറുപടി നല്‍കിയത്. പിഎസ്എല്ലില്‍ പെഷവാർ സാൽമിയുടെ നായകനാണ് ബാബര്‍ അസം. ലാഹോര്‍ ടീമിന് വേണ്ടിയാണ് റൗഫ് കളിക്കുന്നത്.
അതേസമയം പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് നിലവില്‍ പാകിസ്ഥാനും ഇന്ത്യയും നേര്‍ക്കുനേര്‍ എത്തുന്നത്. ഇതോടെ അടുത്ത ഏഷ്യ കപ്പിലും ലോക കപ്പിലുമാകും കോലിയുടെ വിക്കറ്റ് വീഴ്‌ത്താന്‍ ഹാരിസ് റൗഫിന് അവസരം ലഭിക്കുക. അതിനിടെ, ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
ടൂര്‍ണമെന്‍റിന്‍റെ അതിഥേയത്വം ആദ്യം പാകിസ്ഥാന് അനുവദിച്ചിരുന്നു. പക്ഷെ സുരക്ഷ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. അടുത്തിടെ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗവും ഏഷ്യ കപ്പ് വേദിയില്‍ തീരുമാനമാവാതെയാണ് പിരിഞ്ഞത്.
ഏഷ്യ കപ്പിനായി ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്. ഇതോടെ ഇരു ബോര്‍ഡുകളും തമ്മിലുള്ള അസ്വാരസ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച അനിശ്ചിതത്വം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ അടുത്ത യോഗത്തില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വിഷയത്തില്‍ പ്രതികരണവുമായി അടുത്തിടെ പാക് മുന്‍ താരം കമ്രാന്‍ അക്‌മല്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യ ഏഷ്യ കപ്പിന് വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി പാക് ടീം ഇന്ത്യയിലേക്ക് പോകേണ്ടന്നാണ് കമ്രാൻ അക്‌മൽ പറഞ്ഞിരിക്കുന്നത്.
പാക് ടീം ലോക ചാമ്പ്യന്മാരാവുകയും ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്‌തിട്ടുണ്ട്. തങ്ങളും അഭിമാനമുള്ളവരാണെന്നുമാണ് അക്‌മല്‍ പറഞ്ഞത്. എന്നാല്‍ ഇതു രണ്ട് രാജ്യങ്ങളിലേയും സര്‍ക്കാറുകള്‍ക്കിടയിലുള്ള വിഷയമാണെന്നും താരം വ്യക്തമാക്കിയിരുന്നു.
ALSO READ:'ആരും ഓര്‍ക്കില്ല' ; കോലിക്ക് മറുപടിയുമായി മോണ്ടി പനേസര്‍