മുംബൈ : ഇന്ത്യൻ പേസർ നവ്ദീപ് സൈനി വിവാഹിതനായി. ദീർഘകാല സുഹൃത്ത് സ്വാതി അസ്‌താനയെയാണ് (Swati Asthana) സൈനി ജീവിത സഖിയായി കൂടെ കൂട്ടിയിരിക്കുന്നത് (Navdeep Saini gets married to Swati Asthana). ഇതിന്‍റെ സന്തോഷം തന്‍റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴി താരം ആരാധകരോട് പങ്കുവച്ചിട്ടുണ്ട്. ചടങ്ങിന്‍റെ ഭാഗമായി എടുത്ത നിരവധിയായ ചിത്രങ്ങള്‍ക്കൊപ്പം (Navdeep Saini Swati Asthana marriage photos) ആരാധകരുടെ അനുഗ്രഹം തേടിയ സൈനി ഏറെ പ്രണയാര്‍ദ്രമായ വരികളും കുറിച്ചിട്ടുണ്ട്.
"നിന്നോടൊപ്പമുള്ള ഓരോ ദിനങ്ങളും പ്രണയത്തിന്‍റേതാണ്. ഇനി എന്നെന്നും ഒരുമിച്ച്. ഞങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും സ്നേഹവും തേടുന്നു" - നവ്ദീപ് സൈനി (Navdeep Saini) ഇൻസ്റ്റഗ്രാമിൽ എഴുതി.
ഫാഷൻ, യാത്ര, ജീവിതശൈലി എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്ളോഗറാണ് സ്വാതി അസ്‌താന (Who is Swati Asthana). അതേസമയം ഹരിയാനക്കാരനായ നവ്ദീപ് സൈനി, 2019-ൽ തന്‍റെ 30-ാം വയസിലാണ് ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തിയത്. ഫോര്‍മാറ്റില്‍ 11 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയിട്ടുള്ളത്.
2021 ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു ടെസ്റ്റ് ഏകദിന അരങ്ങേറ്റം. എന്നാല്‍ കാര്യമായ പ്രകടനം നടത്താന്‍ സൈനിക്ക് കഴിഞ്ഞിരുന്നില്ല. രണ്ട് ടെസ്റ്റുകളില്‍ നിന്നും നാല് വിക്കറ്റും എട്ട് ഏകദിനങ്ങളില്‍ നിന്ന് ആറ് വിക്കറ്റുകളുമായിരുന്നു താരം നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ അടുത്തിടെ സമാപിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു താരം അവസാനമായി കളിച്ചത്.