ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ എന്നും തിളങ്ങി നില്‍ക്കുന്ന ഒരേടാണ് ലോർഡ്‌സിലെ പ്രതികാരം എന്നറിയപ്പെടുന്ന നാറ്റ്‌വെസ്റ്റ് ട്രോഫി വിജയം. ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ജേഴ്‌സിയൂരി കറക്കി ആരാധകരെ പ്രകമ്പനം കൊള്ളിച്ച സൗരവ് ഗാംഗുലിയെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ആരാധകര്‍ മറക്കാനിടയില്ല. 2002ലെ ജൂലൈ 13നായിരുന്നു ദാദയും പിള്ളേരും അന്ന് ചരിത്രം തീര്‍ത്തത്.
കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി ഇംഗ്ലണ്ട്
സെഞ്ചുറി പ്രടനം നടത്തിയ മാർക്കസ് ട്രെസ്‌കോത്തിക് (100 പന്തില്‍ 109 റണ്‍സ്), ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ( 128 പന്തില്‍ 115 റണ്‍സ്) എന്നിവരുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ട് വെച്ചത്. എന്നാല്‍ മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റിന് ഇന്ത്യ ചരിത്രം തീര്‍ത്തു.
മികച്ച തുടക്കത്തിന് പിന്നാലെ തകര്‍ച്ച
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗും സൗരവ് ഗാംഗുലിയും മികച്ച തുടക്കമാണ് നല്‍കിയത്. 14.3 ഓവറില്‍ 106 റണ്‍സ് കണ്ടെത്തിയാണ് സഖ്യം പിരിഞ്ഞത്. എന്നാല്‍ തുടര്‍ന്നെത്തിയ ദിനേശ് മോംഗിയ (9), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ( 14), രാഹുല്‍ ദ്രാവിഡ് ( 5) എന്നിവര്‍ വേഗം കൂടാരം കയറിയതോടെ ഇന്ത്യ പരാജയം മണത്തു.