ദുബായ് : ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണ് ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. മൈതാനം മുഴുവന്‍ പന്ത് പായിക്കാന്‍ സൂര്യയുടെ ആവനാഴിയില്‍ അസ്‌ത്രങ്ങളേറെയുണ്ട്. എന്നാല്‍ ഏകദിന ക്രിക്കറ്റിലേക്ക് തന്‍റെ മികവ് പകര്‍ത്താന്‍ 33-കാരന് കഴിഞ്ഞിട്ടില്ല. മാനേജ്‌മെന്‍റിന്‍റെ നിരന്തര പിന്തുണ ലഭിച്ച സൂര്യ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി കളിക്കാനിറങ്ങിയെങ്കിലും പ്രകടനം നിരാശാജനകമായിരുന്നു.
ഇപ്പോഴിതാ സൂര്യയെ 'വിചിത്ര' താരമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ടി20യിൽ ഇപ്പോൾ ലോകം ഉറ്റുനോക്കേണ്ട കളിക്കാരനാണ് സൂര്യയെന്നും നാസര്‍ ഹുസൈൻ പറഞ്ഞു. ഐസിസിയോടായിരുന്നു 55-കാരന്‍റെ വാക്കുകള്‍ (Nasser Hussain on Suryakumar Yadav).
"ടി20 ഫോര്‍മാറ്റില്‍ ലോകം ഉറ്റുനോക്കേണ്ട കളിക്കാരനാണ് സൂര്യകുമാര്‍ യാദവ്. 306 ഡിഗ്രി താരം... അവന്‍ കളിക്കുന്ന ചില ഷോട്ടുകള്‍ അസാധ്യമാണ്. എന്നാല്‍ അവനൊരു വിചിത്ര കളിക്കാരനാണെന്ന് പറയാതെ വയ്യ.
കാരണം ഏകദിന ക്രിക്കറ്റിലേക്ക് എത്തുമ്പോള്‍ എന്തുചെയ്യണം, എങ്ങനെ ചെയ്യണം എന്നതൊന്നും അവന് അറിയില്ല. ടി20 ഫോര്‍മാറ്റിലാണെങ്കില്‍ ഏതൊരു നിമിഷത്തിലാണെങ്കിലും എന്തുചെയ്യണമെന്ന വ്യക്തമായ ധാരണ അവനുണ്ട്. ടി20 ക്രിക്കറ്റില്‍ സൂര്യയെ കണ്ടിരിക്കാന്‍ തന്നെ രസമാണ്"- നാസര്‍ ഹുസൈന്‍ പറഞ്ഞു.
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയിലാണ് സൂര്യ ഇന്ത്യയ്‌ക്കായി അവസാനം കളിച്ചത്. മൂന്നാം ടി20യില്‍ ഫോര്‍മാറ്റിലെ നാലാം സെഞ്ചുറിയും സൂര്യകുമാര്‍ യാദവ് തൂക്കിയിരുന്നു. വാണ്ടറേഴ്‌സില്‍ നടന്ന മത്സരത്തില്‍ 56 പന്തുകളില്‍ നിന്നും 100 റണ്‍സായിരുന്നു സൂര്യകുമാര്‍ യാദവ് നേടിയത്.