ദുബായ്: ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരങ്ങളെ പ്രവചിച്ച് ഇംഗ്ലണ്ടിന്‍റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലും ന്യൂസിലന്‍ഡിന്‍റെ യുവ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും സമീപ ഭാവിയിലെ സൂപ്പര്‍ സ്റ്റാറുകളെന്നാണ് നാസര്‍ ഹുസൈന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഐസിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് 55-കാരന്‍റെ വാക്കുകള്‍. (Nasser Hussain on Shubman Gill and Rachin Ravindra)
"ക്രിക്കറ്റിന്‍റെ ഭാവി താരങ്ങളില്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരാണ് എനിക്ക് ആദ്യം പറയാനുള്ളത്. 2023- വര്‍ഷത്തിന്‍റെ ആദ്യ മൂന്ന് പാദങ്ങളില്‍ മികച്ച പ്രകടനമായിരുന്നു ഗില്‍ നടത്തിയത്. രോഹിത് ശര്‍മയെപ്പൊലെ ഒരു താരത്തിനൊപ്പം കളിക്കുന്നതില്‍ നിന്നും അവന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടാവും. ഈ വര്‍ഷം അവസാനത്തിലേക്ക് എത്തുമ്പോള്‍ ഗില്ലിന്‍റെ ഫോം അല്‍പം കുറഞ്ഞതായി തോന്നുന്നു.
അസുഖത്തെ തുടര്‍ന്നുള്ള ഇടവേള ഒരു പക്ഷെ, അതിന് കാരണമായിട്ടുണ്ടാവാം. അസാമാന്യ പ്രതിഭയാണ് ഗില്‍. വരുന്ന വര്‍ഷങ്ങളില്‍ അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സെന്‍സേഷനാവും. വരും വര്‍ഷവും അവന് മികച്ചതാകുമെന്നാണ് എനിക്ക് തോന്നുന്നത്" - നാസര്‍ ഹുസൈന്‍ പറഞ്ഞു.
ഈ വര്‍ഷത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു 24-കാരനായ ഗില്‍ നടത്തിയത്. ഏകദിന ഫോര്‍മാറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗില്‍. 29 ഏകദിനങ്ങളില്‍ നിന്നും 63.36 ശരാശരിയില്‍ 105.45 സ്‌ട്രൈക്ക് റേറ്റിലും 1584 റണ്‍സാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്.