കൊൽക്കത്ത: സയ്യിദ് മുഷ്‌താഖ് അലി ടി20യുടെ വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഹിമാചലിനെ തകർത്ത് കിരീടവുമായി മുംബൈ. മൂന്ന് വിക്കറ്റിന്‍റെ തകർപ്പൻ ജയമാണ് മത്സരത്തിൽ മുംബൈ സ്വന്തമാക്കിയത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഹിമാചലിന്‍റെ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 19.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 146 റണ്‍സ് നേടുകയായിരുന്നു. 31 പന്തിൽ പുറത്താകാതെ 36 റണ്‍സ് നേടിയ സർഫറാസ് ഖാനാണ് മുംബൈയെ വിജയത്തിലേക്കെത്തിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹിമാചലിന് മോശം തുടക്കമായിരുന്നു. ഒരു ഘട്ടത്തിൽ 9.4 ഓവറിൽ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 58 എന്ന നിലയിലായിരുന്നു ഹിമാചൽ. എന്നാൽ വാലറ്റക്കാരുടെ പോരാട്ടം ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 37 റണ്‍സ് നേടിയ ഏകാന്ത് സെന്നാണ് ഹിമാചലിന്‍റെ ടോപ് സ്‌കോറർ. അങ്കുഷ് ബെയ്ന്‍സ് (4), സുമീത് വര്‍മ (8), നിഖില്‍ ഗംഗ്‌ത (22), നിതീഷ് ശര്‍മ (0), ഋഷി ധവാന്‍ (1), പ്രശാന്ത് ചോപ്ര (19) എന്നിവർ നേരത്തെ മടങ്ങി.
എന്നാൽ ഏകാന്തിനൊപ്പം വാലറ്റക്കാരായ ആകാശ് വസിഷ്‌ട് (25), മായങ്ക് ദാഗര്‍ (21) മികച്ച പ്രകടനം പുറത്തെടുത്തതോടെ ഹിമാചൽ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തുകയായിരുന്നു. വൈഭവ് അറോറ (2) പുറത്താവാതെ നിന്നു. മുംബൈക്കായി മോഹിത് അവസ്‌തി, തനുഷ് കൊട്യന്‍ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ഓപ്പണർമാരായ പൃഥി ഷാ(11), അജിങ്ക്യ രഹാനെ(1) എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായി. എന്നാൽ പിന്നീടൊന്നിച്ച യശ്വസി ജയ്‌സ്വാൾ(27), ശ്രേയസ് അയ്യർ(34) സഖ്യം മുംബൈയെ കരകയറ്റുകയായിരുന്നു. എന്നാൽ യശ്വസിയും ശ്രേയസും മടങ്ങിയത് മുംബൈക്ക് തിരിച്ചടിയായി. പിന്നാലെ ക്രീസിലെത്തിയ സർഫറാസ് ഖാൻ നിലയുറപ്പിച്ച് കളിച്ചു.
എന്നാൽ ശിവം ദുബെ(7), അമിൻ ഹകിം ഖാൻ(6), ഷംസ് മുലാനി(2) എന്നിവർ പെട്ടെന്ന് മടങ്ങിയത് മുംബൈയെ പ്രതിരോധത്തിലാക്കി. എന്നാൽ തനുഷ് കൊട്യനെ(9) കൂട്ടുപിടിച്ച് സർഫറാസ് ഖാൻ മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഹിമാചലിനായി വൈഭവ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഋഷി ധവാൻ, മായങ്ക ദാഗർ, എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.