മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിലെ ക്യാപ്റ്റന്‍സി വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. (Mumbai Indians Captaincy Controversy) പുതിയ സീസണിന് മുന്നോടിയായി ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ രോഹിത് ശര്‍മയെ (Rohit Sharma) മാറ്റി ഹാര്‍ദിക് പാണ്ഡ്യയ്‌ക്കാണ് (Hardik Pandya) ഫ്രാഞ്ചൈസി ചുമതല നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരാധക രോഷത്തില്‍ നേരത്തെ തന്നെ മുംബൈക്ക് കനത്ത പൊള്ളലേറ്റിരുന്നു.
മാനേജ്‌മെന്‍റ് തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ലക്ഷത്തിലേറെ പേരാണ് മുംബൈ ഇന്ത്യന്‍സിനെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അണ്‍ഫോളോ ചെയ്‌തത്. ഇപ്പോഴിതാ മുംബൈയുടെ മുന്‍ താരവും ഇപ്പോഴത്തെ ബാറ്റിങ് പരിശീലകനുമായ കിറോണ്‍ പൊള്ളാര്‍ഡ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറി ചര്‍ച്ചയാവുകയാണ് (Kieron Pollard's Instagram post).
"മഴ പെയ്‌ത് തോര്‍ന്നാല്‍പ്പിന്നെ കുട എല്ലാവര്‍ക്കും ബാധ്യതയാണ്. ഗുണമില്ലെങ്കില്‍ കൂറ് അവസാനിക്കുന്നതും അങ്ങനെ തന്നെ" എന്നാണ് പൊള്ളാര്‍ഡ് (Kieron Pollard) ഇന്‍സ്റ്റയില്‍ സ്റ്റോറിയിട്ടിരിക്കുന്നത്. 36-കാരന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയെ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കിയ മുംബൈ ഇന്ത്യന്‍സിന്‍റെ തീരുമാനത്തോടാണ് ആരാധകര്‍ ചേര്‍ത്തുവയ്‌ക്കുന്നത്.
ഫ്രാഞ്ചൈസിയുടെ തീരുമാനത്തില്‍ ഒരാള്‍ക്ക് പോലും സന്തോഷമില്ലെന്നും ഒരു കുടുംബമെന്ന വിശേഷണം ഇനി മുംബൈ ഇന്ത്യന്‍സിന് ചേരില്ലെന്നുമാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്തുതന്നെ ആയാലും തന്‍റെ പോസ്റ്റിനെക്കുറിച്ച് പൊള്ളാര്‍ഡ് ഇതേവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ പുതിയ സീസണിന് മുന്നോടിയായി ട്രേഡിലൂടെയാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ തട്ടകത്തിലേക്ക് തിരികെ എത്തിച്ചത്.