മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 സീസണിന് മുന്നോടിയായിപഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തിയിരിക്കുകയാണ്. 30-കാരന്‍റെ വരവ് പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടിട്ടുണ്ട്. (Mumbai Indians Confirm Hardik Pandya Signing from Gujarat Titans ahead of IPL 2024).
2015 മുംബൈയിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഹാര്‍ദിക് 2021 വരെയുള്ള ഏഴ് സീസണുകളില്‍ നേരത്തെ ടീമിനൊപ്പമുണ്ടായിരുന്നു. മുംബൈയ്‌ക്കൊപ്പം രോഹിത് ശര്‍മയുടെ കീഴില്‍ നാല് കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് ഹാര്‍ദിക് 2022-ല്‍ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് എത്തുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഹാര്‍ദിക് പഴയ ഹാര്‍ദിക് അല്ലെന്ന് തന്നെ പറയാം.
കഴിഞ്ഞ സീസണുകളിലും ഗുജറാത്തിന്‍റെ നായകനെന്ന നിലയില്‍ തിളങ്ങാന്‍ ഹാര്‍ദിക്കിന് കഴിഞ്ഞിരുന്നു. 2022-ലെ അരങ്ങേറ്റ പതിപ്പില്‍ തന്നെ ഹാര്‍ദിക്കിന് കീഴില്‍ ഗുജറാത്ത് ചാമ്പ്യന്മാരായി. 2023-ലെ സീസണില്‍ ടീമിനെ രണ്ടാം സ്ഥാനത്ത് എത്തിക്കാനും താരത്തിന് കഴിഞ്ഞു.
തിരിച്ചുവരവില്‍ ഇനി മുബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2013 മുതല്‍ക്ക് രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴിലാണ് മുംബൈ ഫ്രാഞ്ചൈസി കളിക്കുന്നത്. ഹിറ്റ്‌മാന്‍ നിലവില്‍ അന്താരാഷ്‌ട്ര തലത്തില്‍ ടി20 മത്സരങ്ങള്‍ക്കിറങ്ങുന്നുമില്ല. കൃത്യമായി പറഞ്ഞാല്‍ , 2022-ലെ ടി20 ലോകകപ്പിന്‍റെ സെമിഫൈനലില്‍ ഇന്ത്യയുടെ നിരാശജനകമായ പുറത്താവലിന് ശേഷമാണ് താരം ഫോര്‍മാറ്റില്‍ ദേശീയ ടീമിനായി കളിക്കാതിരിക്കുന്നത്.
36 വയസുകാരനായ രോഹിത്തിന്‍റെ കരിയറും ഏറെക്കുറെ അവസാനത്തിലാണ്. ഇതോടെ നായകനെന്ന നിലയില്‍ ഹിറ്റ്‌മാന്‍റെ പകരക്കാരനെ കണ്ടെത്തേണ്ടത് മുംബൈയെ സംബന്ധിച്ച് ഏറെ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് 30-കാരനായ ഹാര്‍ദിക്കിനെ തിരിച്ചെത്തിക്കുന്നതിനായി മുംബൈ ചരടുവലി നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമായ കാര്യമാണ്.