മുംബൈ:ഐപിഎല്ലിന്‍റെ പുതിയ സീസണിലേക്കായി (IPL 2024) ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയിരുന്നു. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ രോഹിത് ശര്‍മയെ മാറ്റിയാണ് ഫ്രാഞ്ചൈസി ഹാര്‍ദിക്കിന് ചുമതല നല്‍കിയത്. (Hardik Pandya replaces Rohit Sharma as Mumbai Indians captain). മാനേജ്‌മെന്‍റിന്‍റെ പ്രസ്‌തുത നീക്കത്തിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായത്.
ഇതോടെ ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് പ്രസ്‌തുത തീരുമാനമെന്ന വിശദീകരണം പലകുറി മുംബൈ മാനേജ്‌മെന്‍റിന് ആവര്‍ത്തിക്കേണ്ടി വന്നു. ഇപ്പോഴിതാ ഫ്രാഞ്ചൈസിക്ക് കനത്ത തിരിച്ചടി ലഭിച്ച ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഐപിഎല്‍ 2024 സീസണ്‍ നഷ്‌ടമായേക്കും. (Mumbai Indians Captain Hardik Pandya May Miss IPL 2024).
ഏകദിന ലോകകപ്പിനിടെ കാല്‍ക്കുഴയ്‌ക്ക് ഏറ്റ പരിക്ക് ഭേദമാകാത്തതാണ് 30-കാരനായ ഹാര്‍ദിക്കിനും മുംബൈയ്‌ക്കും തിരിച്ചടിയായത്. ഒക്‌ടോബര്‍ 19-ന് ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഹാര്‍ദിക്കിന്‍റെ കണങ്കാലിനാണ് പരിക്ക് പറ്റുന്നത്. പന്തെറിഞ്ഞതിന് ശേഷം ബംഗ്ലാദേശ് ബാറ്റുടെ ഷോട്ട് കാലുകൊണ്ട് തടുക്കാന്‍ ശ്രമിച്ചതാണ് ഇതിന് ഇടവച്ചത്.
പരിക്കിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്നും പുറത്തായ താരത്തിന് ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരായ വൈറ്റ് ബോള്‍ പരമ്പര നഷ്‌ടമായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ ജനുവരിയില്‍ അഫ്ഗാനിസ്ഥാനെതിരേ നാട്ടില്‍ നടക്കുന്ന ടി20 പരമ്പരയും അതിന് ശേഷം നടക്കുന്ന ഐപിഎല്ലും ഹാര്‍ദിക്കിന് കളിക്കാന്‍ കഴിയില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. (Hardik Pandya Injury)