മുംബൈ: പ്രഥമ വനിത പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് മുംബൈ ഇന്ത്യൻസ്. കലാശപ്പോരാട്ടത്തിൽ ഡൽഹി കാപ്പിറ്റൽസിനെ 7 വിക്കറ്റിന് തകർത്താണ് മുംബൈ കന്നിക്കിരീടം സ്വന്തമാക്കിയത്. ഡൽഹിയുടെ 132 റണ്‍സ് പിന്തുടർന്നിറങ്ങിയ മുംബൈ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ നാറ്റ് സൈവർ ബ്രണ്ട് (60*), ഹർമൻപ്രീത് കൗർ (37) എന്നിവരുടെ തകർപ്പൻ ബാറ്റിങാണ് മുംബൈക്ക് വിജയം സമ്മാനിച്ചത്.
ഡൽഹിയുടെ ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുബൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ യാസ്‌തിക ഭാട്ടിയയെ(4) നഷ്‌ടമായി. പിന്നാലെ ടീം സ്‌കോർ 23ൽ നിൽക്കെ ഹെയ്‌ലി മാത്യൂസും (13) പുറത്തായി. ഇതോടെ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച നാറ്റ് സൈവർ ബ്രണ്ട്, ഹർമൻപ്രീത് കൗർ സഖ്യം മുംബൈയെ മികച്ച മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.
ഇരുവരും ചേർന്ന് 72 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് മുംബൈക്ക് വേണ്ടി പടുത്തുയർത്തിയത്. ടീം സ്‌കോർ 95 ൽ നിൽക്കെയാണ് ക്യാപ്‌റ്റൻ ഹർമൻ പ്രീത് കൗറിനെ മുംബൈക്ക് നഷ്‌ടമായത്. 39 പന്തിൽ 37 റണ്‍സ് നേടിയ താരം റണ്ണൗട്ടാവുകയായിരുന്നു. എന്നാൽ മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന നാറ്റ് സൈവർ ബ്രണ്ടും അമേലിയ കൗറും ചേർന്ന് മുംബൈയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
തകർന്നടിഞ്ഞ് ഡൽഹി: നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപ്‌റ്റന്‍റെ തീരുമാനം പാളുന്ന കാഴ്‌ചയാണ് കാണാനായത്. കലശപ്പോരിനിറങ്ങിയ ഡൽഹി ബാറ്റിങ് നിരയെ മുംബൈ ബോളർമാർ പിടിച്ച് കെട്ടുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഷഫാലി വർമയെ ഡൽഹിക്ക് നഷ്‌ടമായി. 4 പന്ത് 11 റണ്‍സുമായി ഫോമിലേക്കുയരുകയായിരുന്ന താരത്തെ ഇസ്സി വോങാണ് പുറത്താക്കിയത്.