മുംബൈ : ആഭ്യന്തര സര്‍ക്യൂട്ടില്‍ സ്ഥിരതയാര്‍ന്ന മികച്ച പ്രകടനം നടത്തിയിട്ടും മുംബൈ ബാറ്റര്‍ സര്‍ഫറാസ് ഖാന് മുന്നില്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറക്കാത്തതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഏറെ സജീവമാണ്. സംഭവത്തില്‍ മുന്‍ താരങ്ങളും ആരാധകരും ഉള്‍പ്പടെയുള്ളവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കളിക്കളത്തിന് അകത്തും പുറത്തുമുള്ള താരത്തിന്‍റെ പെരുമാറ്റം ഉള്‍പ്പടെയുള്ള കാരണങ്ങളാലുമാണ് 25-കാരനായ സര്‍ഫറാസിനെ അവഗണിക്കാന്‍ കാരണമെന്ന് ബിസിസിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ രഞ്ജി സീസണില്‍ ഡൽഹിക്കെതിരെയുള്ള സെഞ്ചുറിക്ക് ശേഷമുള്ള സര്‍ഫറാസിന്‍റെ ആഘോഷം സെലക്‌ടർമാർക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് സംസാരമുണ്ട്. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെയായിരുന്നു സര്‍ഫറാസ് ഡല്‍ഹിക്ക് എതിരെ സെഞ്ചുറി നേടിയത്.
ഒരല്‍പം ആക്രമണോത്സുകമായായിരുന്നു തന്‍റെ സെഞ്ചുറി നേട്ടം സര്‍ഫറാസ് ആഘോഷിച്ചത്. അന്തരിച്ച ഗായകന്‍ സിദ്ദു മൂസേവാലയുടെ ശൈലിയില്‍ തുടയിലടിച്ച് വിരല്‍ ചൂണ്ടുകയും താരം ചെയ്‌തിരുന്നു. സര്‍ഫറാസ് വിരല്‍ ചൂണ്ടിയത് ഈ മത്സരം കാണാനെത്തിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ചേതന്‍ ശര്‍മയ്‌ക്ക് നേരെയായിരുന്നുവെന്നും ഇതാണ് താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയടച്ചതെന്നുമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.
എന്നാല്‍ ആഘോഷത്തില്‍ സര്‍ഫറാസ് ഖാന് വീഴ്‌ച പറ്റിയിട്ടില്ലെന്നാണ് മുംബൈ ക്രിക്കറ്റുമായി ബന്ധപ്പെട്ടവർ പറയുന്നത്. സര്‍ഫറാസ് ഖാന്‍ വിരല്‍ ചൂണ്ടിയത് സെലക്‌ടര്‍മാര്‍ക്ക് നേരെ ആയിരുന്നില്ലെന്നും സ്വന്തം ഡ്രസ്സിംഗ് റൂമിലേക്ക് വിരല്‍ ചൂണ്ടുന്നത് തെറ്റാണോയെന്നുമാണ് ഇവര്‍ ചോദിക്കുന്നത്. മുംബൈ ക്രിക്കറ്റുമായി അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.