അഹമ്മദാബാദ് : ഐപിഎല്ലിന്‍റെ ഉദ്‌ഘാടന മത്സരത്തിന് മുന്നേ ചെന്നൈ സൂപ്പർ കിങ്‌സിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ സീസണിൽ ടീമിന്‍റെ പ്രധാന പേസറായിരുന്ന മുകേഷ് ചൗധരി പരിക്കേറ്റ് പുറത്ത്. താരത്തിന് സീസണിലെ എല്ലാ മത്സരങ്ങളും നഷ്‌ടമാകും. അതേസമയം ചൗധരിക്ക് പകരക്കാരനായി ഇടം കൈയ്യൻ പേസർ ആകാശ് സിങ്ങിനെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തി. താര ലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്‌ക്കാണ് മുകേഷ് ചൗധരിയെ ചെന്നൈ സ്വന്തമാക്കിയത്.
2022 ഡിസംബറിൽ നടന്ന വിജയ് ഹസാരെ ട്രോഫിക്ക് പിന്നാലെയാണ് മുകേഷ് ചൗധരിക്ക് പരിക്കേറ്റത്. കഴിഞ്ഞ സീസണിൽ ചെന്നൈക്കായി മികച്ച പ്രകടനമാണ് 26 കാരനായ താരം കാഴ്‌ചവച്ചത്. 13 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. പരിക്കേറ്റ് പുറത്തായ പേസർ ദീപക് ചഹാറിന്‍റെ കുറവ് നികത്താനും മുകേഷ് ചൗധരിയിലൂടെ ചെന്നൈക്കായിരുന്നു.
ജാമിസന്‍റെ പരിക്ക് : നേരത്തെ ന്യൂസിലാൻഡ് ഓൾറൗണ്ടർ കെയ്‌ൽ ജാമിസനെയും ചെന്നൈക്ക് നഷ്‌ടമായിരുന്നു. നടുവിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ജൂണിന് ശേഷം ജാമിസണ്‍ ക്രിക്കറ്റ് കളിച്ചില്ല. ഇടയ്‌ക്ക് പരിക്കിൽ നിന്ന് തിരിച്ചുവരവിന്‍റെ സൂചനകൾ താരം നൽകിയെങ്കിലും വീണ്ടും പരിക്ക് ഗുരുതരമാകുകയായിരുന്നു. ലേലത്തിൽ ഒരു കോടി രൂപയ്‌ക്കാണ് ജാമിസണിനെ ചെന്നൈ സ്വന്തമാക്കിയത്.
ജാമിസണ് പകരക്കാരനായി സൗത്താഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ സിസണ്ട മഗാലയെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിൽ എത്തിച്ചിട്ടുണ്ട്. അതിനിടെ ചെന്നൈയുടെ സൂപ്പർ ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ടൂർണമെന്‍റിൽ പന്തെറിയില്ലെന്ന വാർത്തയും ആരാധകർക്ക് ഏറെ നിരാശയാണ് നൽകുന്നത്. പരിക്കും, ഐപിഎല്ലിന് ശേഷം വരാനിരിക്കുന്ന ആഷസ് പരമ്പരയും മുൻ നിർത്തിയാണ് താരം പന്തെറിയുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നത്.
എന്നാൽ ആദ്യത്തെ കുറച്ച് മത്സരങ്ങളിൽ മാത്രമാകും താരം പന്തെറിയാത്തതെന്നും തുടർന്ന് ബോളിങ്ങിലും ചെന്നൈക്ക് സ്റ്റോക്‌സിന്‍റെ സേവനം ലഭിക്കുമെന്നും ടീം മാനേജ്‌മെന്‍റ് സൂചന നൽകിയിട്ടുണ്ട്. അതേസമയം ഉത്ഘാടന മത്സരത്തിന് മുന്നോടിയായി ധോണിക്ക് പരിക്കേറ്റെന്ന വാർത്തയും ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും ധോണി ആദ്യ മത്സരത്തിൽ ടീമിലുണ്ടാകുമെന്നും മാനേജ്‌മെന്‍റ് വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം നാളെ നടക്കുന്ന ഐപിഎൽ 13-ാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആറ് മണിക്ക് തന്നെ ഉദ്ഘാടന പരിപാടികൾ ആരംഭിക്കും.
ALSO READ:IPL 2023 : കരുത്തരുടെ നിര, നയിക്കാൻ ധോണിയും ; അഞ്ചാം കിരീടം ഉറപ്പിക്കാൻ തലയും പിള്ളേരും
ചെന്നൈ സൂപ്പർ കിംഗ്‌സ് സ്‌ക്വാഡ് :എം.എസ് ധോണി (ക്യാപ്‌റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയിൻ അലി, ബെൻ സ്റ്റോക്‌സ്, സുബ്രംശു സേനാപതി, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, രാജ്‌വർധൻ ഹംഗാർഗേക്കർ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്‍റ്നർ, മഹേഷ് തീക്ഷണ, പ്രശാന്ത് സോളങ്കി, ദീപക് ചഹാർ, മുകേഷ് ചൗധരി, സിമർജീത് സിങ്, തുഷാർ ദേശ്‌പാണ്ഡെ, മതീശ പതിരണ, ഷെയ്‌ക് റഷീദ്, സിസന്ദ മഗല, നിഷാന്ത് സിന്ധു, അജയ് മണ്ഡല്‍, ഭഗത് വർമ.
ഗുജറാത്ത് ടൈറ്റൻസ് സ്ക്വാഡ് :ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, സായ് സുദർശൻ, വൃദ്ധിമാൻ സാഹ, മാത്യു വെയ്‌ഡ്, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ, വിജയ് ശങ്കർ, മുഹമ്മദ് ഷമി, അൽസാരി ജോസഫ്, യാഷ് ദയാൽ, പ്രദീപ് സാങ്‌വാൻ, ദർശൻ നൽകണ്ടെ, ജയന്ത് യാദവ്, ആർ സായ് കിഷോർ, നൂർ അഹമ്മദ്, കെയ്ൻ വില്യംസൺ, ഒഡെയ്‌ൻ സ്‌മിത്ത്, കെഎസ് ഭരത്, ശിവം മാവി, ഉർവിൽ പട്ടേൽ, ജോഷ്വ ലിറ്റിൽ, മോഹിത് ശർമ.