മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിൽ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവിന്‍റെ സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ തുടരുകയാണ്. ടി20 ഫോര്‍മാറ്റിലെ ഒന്നാം റാങ്കുകാരനായ സൂര്യകുമാര്‍ യാദവിനെ ഏകദിന ഫോര്‍മാറ്റില്‍ നാലാം നമ്പറിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ ഏറെ നാളായി നടക്കുന്നുണ്ട്. പക്ഷെ, മാനേജ്‌മെന്‍റ് തന്നിൽ കാണിച്ച വിശ്വാസത്തോട് നീതി പുലര്‍ത്താന്‍ ഇതേവരെ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവുമെന്നാണ് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്‌ടറായിരുന്ന എംഎസ്‌കെ പ്രസാദ് പറയുന്നത്. 32-കാരനായ സൂര്യകുമാര്‍ പ്രത്യേക കഴിവുള്ള താരമാണെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. ടി20 ഫോർമാറ്റിൽ ഒരാൾക്ക് ഒന്നാം നമ്പർ താരമാകാൻ കഴിയുമെങ്കിൽ, അതിനർത്ഥം അവന് പ്രത്യേക കഴിവ് ഉണ്ടെന്ന് തന്നെയാണ്. ടി20യില്‍ രാജ്യത്തിനായും ഐപിഎല്ലിലും അവന്‍ നമുക്ക് മുന്നില്‍ അതു തെളിയിച്ചിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടത്തിലും മികച്ച പ്രകടനം നടത്താനാവുന്ന അവന്‍റെ കഴിവിനെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം" - എംഎസ്‌കെ പ്രസാദ് പറഞ്ഞു.
മികച്ച കഴിവുള്ള സൂര്യകുമാര്‍ യാദവിനെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും എംഎസ്‌കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു. "ടീമിലെ തന്‍റെ റോള്‍ മനസിലാക്കി കളിക്കാന്‍ ഇപ്പോഴും അവന് കഴിഞ്ഞിട്ടില്ലെന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്. അക്കാര്യം മനസിലാക്കുകയും അതിനനുസരിച്ച് കളിക്കുകയും ചെയ്താൽ, തീര്‍ച്ചയായും സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നർമാരിൽ ഒരാളും ലോകകപ്പിലേക്ക് എത്തുമ്പോള്‍ മിച്ച ഫിനിഷറുമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട്. മികച്ച കഴിവുള്ള അവനെ നമ്മള്‍ പിന്തുണയ്ക്കേണ്ടതുണ്ട്"- എംഎസ്‌കെ പ്രസാദ് പറഞ്ഞ് നിര്‍ത്തി.