അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെയ മത്സരത്തിന് ഇന്ത്യയുടെ (India vs Pakistan) ഇന്‍ഫോം ബാറ്ററായ ശുഭ്‌മാന്‍ ഗില്‍ (Shubman Gill) പ്ലേയിങ് ഇലവനിലേക്ക് എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന താരം കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയെന്നത് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ്. എന്നാല്‍, നാളെ അഹമ്മദാബാദില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ഗില്‍ ടീമിനൊപ്പം ഉണ്ടാകുമോ എന്നുള്ള കാര്യത്തിന് യാതൊരു വ്യക്തതതയും ഇതുവരെ ലഭിച്ചിട്ടില്ല.
ഗില്‍ ടീമിലേക്ക് എത്തുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ടീമിലേക്കുള്ള താരത്തിന്‍റെ മടങ്ങി വരവ് വൈകുമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. ഇതേ വിഷയത്തില്‍ ഇന്ത്യയുടെ മുന്‍ ചീഫ് സെലക്‌ടറായ എംഎസ്കെ പ്രസാദും (MSK Prasad) തന്‍റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശുഭ്‌മാന്‍ ഗില്‍ ടീമിനൊപ്പം ഉണ്ടാകുമെന്നാണ് എംഎസ്കെ പ്രസാദിന്‍റെ അഭിപ്രായം (MSK Parasad About Shubman Gill).
'ഗില്ലിന്‍റെ തിരിച്ചുവരവിനെ കുറിച്ചുള്ള എല്ലാത്തരം ഊഹാപോഹങ്ങളും അവസാനിപ്പിക്കേണ്ട സമയമാണ് ഇതെന്ന് തോന്നുന്നു. പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ഗില്ലും ടീമിനൊപ്പം ഉണ്ടാകുമെന്നാണ് ഞാനും കരുതുന്നത്. അവനെപ്പോലൊരു താരത്തെ പുറത്തിരുത്തി ഇന്ത്യയ്‌ക്ക് ഒരിക്കലും കളിക്കാന്‍ സാധിക്കില്ല.
ഒരു പനിയാണ് അവന് വന്നത്. അതില്‍ നിന്നും സുഖം നേടാനും അവന് സാധിച്ചിട്ടുണ്ട്. ടീമില്‍ അവന്‍റെ പകരക്കാരനായി ഒരാളെ കൊണ്ടുവരേണ്ട സാഹചര്യമൊന്നും ഇല്ല. അഫ്‌ഗാനിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യന്‍ ടീം ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയപ്പോള്‍ ഗില്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.