ചെന്നൈ:വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ രവീന്ദ്ര ജഡേജ നയിക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ടീം മാനേജ്‌മെന്‍റ്. വരുന്ന സീസണിലും ധോണി തന്നെ ടീമിനെ നയിക്കുമെന്നും ക്യാപ്റ്റൻ സ്ഥാനം ഒഴിയണമോ വേണ്ടയോ എന്ന അന്തിമ തീരുമാനം ധോണിയുടേതാണെന്നും ടീം വൃത്തങ്ങൾ അറിയിച്ചു.
'അടുത്ത സീസണിൽ ആര് നയിക്കും എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടില്ല. ധോണിയാണ് ഇപ്പോൾ ഞങ്ങളുടെ നായകൻ. ചെന്നൈയുടെ സീനിയർ താരം കൂടിയാണ് അദ്ദേഹം. നായകസ്ഥാനം ഒഴിയാൻ തീരുമാനിക്കുകയാണെങ്കിൽ ധോണി അത് അറിയിക്കും. ഇപ്പോൾ മെഗാലേലത്തിലാണ് ശ്രദ്ധ', സിഎസ്കെ വൃത്തങ്ങൾ അറിയിച്ചു.
ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി ജഡേജയെ 16 കോടിക്കും ധോണിയെ 12 കോടിക്കുമാണ് ചെന്നൈ നിലനിർത്തിയത്. ധോണിയുടെ കരിയറിലെ അവസാന ഐപിഎൽ ആകും ഇത് എന്നാണ് സൂചന. അതിനാൽ ജഡേജയെ ആദ്യം നിലനിർത്തിയതിനാൽ താരത്തെത്തന്നെ നായകനാക്കും എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.