2020 ഓഗസ്റ്റ് 15-ലെ സായാഹ്നം...ഇന്ത്യയുടെ മുൻ നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ എംഎസ് ധോണിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെടുന്നു.. 'ഇക്കാലമത്രയും എന്നെ സ്നേഹിച്ചതിനും പിന്തുണച്ചതിനും നന്ദി.. ഈ നിമിഷം മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക...' അക്ഷരാർത്ഥത്തിൽ ലോകമെമ്പടുമുള്ള ഇന്ത്യൻ ആരാധകരെ ഞെട്ടിച്ച ഒരു വിരമിക്കൽ പ്രഖ്യാപനം... അതെ, എംഎസ് ധോണി എന്ന ഇതിഹാസ നായകൻ ഇന്ത്യയുടെ നീലകുപ്പായം അഴിച്ചുവച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം...ധോണി ആരെന്ന ചോദ്യത്തിന് നിരവധി ഉത്തരങ്ങളുണ്ട്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ, ഫിനിഷർ, വിക്കറ്റ് കീപ്പർ ബാറ്റർ അങ്ങനെ പല വിശേഷണങ്ങളും അയാൾക്ക് സ്വന്തം...
2004-05ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുടി നീട്ടി വളര്‍ത്തിയൊരു ചെറുപ്പക്കാരന്‍ ഏഴാം നമ്പറില്‍ ക്രീസിലേക്കെത്തി. ഒരു പന്ത് മാത്രം നേരിട്ട് റണ്‍സൊന്നുമെടുക്കാതെ അയാള്‍ റണ്‍ ഔട്ടായപ്പോള്‍ കളി കണ്ടിരുന്നവരെല്ലാം ഇതാരാണെന്ന് ചിന്തിച്ചു. ആ പരമ്പരയില്‍ ഒരു മത്സരത്തില്‍പ്പോലും ആ പയ്യന് ഇന്ത്യന്‍ കുപ്പായത്തില്‍ ബാറ്റ് കൊണ്ട് അധികമൊന്നുമായിരുന്നില്ല.
അതിന് പിന്നാലെ നടന്ന ഇന്ത്യ പാകിസ്ഥാന്‍ പരമ്പരയിലും ആ ചെറുപ്പക്കാരന് അവസരം ലഭിച്ചു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ മുന്‍ പ്രകടനം ആവര്‍ത്തിച്ചു. എന്നാല്‍ തന്‍റെ കരിയറിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയ്‌ക്കായി മൂന്നാം നമ്പറിലേക്ക് അയാള്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. വിശാഖപട്ടണത്ത് നടന്ന ആ മത്സരത്തില്‍ ഇന്ത്യ 356 റണ്‍സ് അടിച്ചെടുത്തപ്പോള്‍ അതില്‍ സിംഹഭാഗം റണ്‍സും പിറന്നത് ആ നീളന്‍ മുടിക്കാരന്‍റെ ബാറ്റില്‍ നിന്നും, കളി കണ്ടിരുന്ന എല്ലാവരും അന്ന് മുതല്‍ മഹേന്ദ്ര സിങ് ധോണി എന്ന അയാളുടെ പേരും ശ്രദ്ധിച്ചു തുടങ്ങി.
അതേവര്‍ഷം ശ്രീലങ്കയ്‌ക്കെതിരെയും ഏകദിന പരമ്പരയ്‌ക്കായി ഇന്ത്യ ഇറങ്ങിയിരുന്നു. ഈ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ധോണി അന്താരാഷ്‌ട്ര കരിയറിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 183 റണ്‍സ് അടിച്ചെടുത്തു. ഈയൊരൊറ്റ പ്രകടനം അയാളെ പലരുടെയും പ്രിയങ്കരനാക്കി.
സച്ചിന്‍ ടെണ്ടുല്‍ക്കറെപ്പോലെ ടെക്‌സ്റ്റ് ബുക്ക് ഷോട്ടുകള്‍ കളിച്ചായിരുന്നില്ല ധോണി റണ്‍സ് കണ്ടെത്തിയിരുന്നത്. പവര്‍ഹിറ്റിങ് ആയിരുന്നു എന്നും അയാളുടെ കരുത്ത്. അതിലൂടെ കരിയറിന്‍റെ ആദ്യ വര്‍ഷത്തിനുള്ളില്‍ തന്നെ ഐസിസി ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ധോണിക്ക് സാധിച്ചിരുന്നു.
മഹേന്ദ്ര ജാലം തീര്‍ത്ത 'ക്യാപ്‌റ്റന്‍ കൂള്‍' : തുടക്കത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങളോടെ 2007ലെ ഏകദിന ലോകകപ്പിലും ധോണി ഇടം നേടി. എന്നാല്‍, നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ ലോകവേദിയില്‍ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തകര്‍ന്ന് ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അന്ന്, ആരാധകരുടെ പഴികള്‍ക്കെല്ലാം അയാള്‍ ഇരയാകേണ്ടിവന്നിരുന്നു.