എംഎസ് ധോണിയുടെ കരിയര്‍ ഇങ്ങനെയായിരിക്കും അവസാനിക്കുകയെന്ന് ആരും കരുതിയിരുന്നതല്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 2004ല്‍ ബംഗ്ലാദേശിനെതിരെ റണ്‍ഔട്ടിലൂടെ തുടങ്ങിയ യാത്ര 15 വര്‍ഷത്തിനിപ്പുറം മറ്റൊരു റണ്‍ഔട്ടില്‍ അയാള്‍ അവസാനിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പല പ്രവചനങ്ങളും കാറ്റില്‍ പറത്തി ഇന്ത്യയെ നേട്ടങ്ങളിലെത്തിച്ച നായകന്‍... പ്രഥമ ടി20 ലോകകപ്പില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം പുതുമുഖം ജൊഗീന്ദര്‍ ശര്‍മയ്‌ക്ക് പന്ത് നല്‍കിയ ക്യാപ്‌റ്റന്‍... അയാള്‍ അല്ലാതെ മറ്റാരും അന്ന് ഇങ്ങനെയൊരു തീരുമാനം ഒരുപക്ഷേ എടുത്തെന്ന് വന്നേക്കില്ല... 'ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റിലെ അവസാന മത്സരത്തിന് പാഡണിഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു...'
2019 ജൂലൈ 09... ഇന്ത്യ vs ന്യൂസിലന്‍ഡ്, ഏകദിന ലോകകപ്പ് സെമി ഫൈനല്‍... മാഞ്ചസ്റ്റര്‍ ഓള്‍ഡ്‌ട്രഫോര്‍ഡ് സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍ കുന്നോളം മോഹങ്ങളുമായി കളികാണാനെത്തിയത് ആയിരങ്ങളാണ്. അവിടെ, കളി കാണാന്‍ എത്തിയവരുടേയും 7602 കിലോമീറ്ററുകള്‍ക്ക് ഇപ്പുറമുണ്ടായിരുന്ന 100 കോടിയിലധികം ആളുകളുടേയും മനസില്‍ ഒരൊറ്റ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. ഇന്ത്യയുടെ വിജയം. ഏകദിന ലോകകപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ഫൈനല്‍ പ്രവേശനം. ഒടുവില്‍ ആ വിശ്വകിരീടവും...
ആദ്യം കളി മഴ മുടക്കി, പിന്നെ ടോസ് ഭാഗ്യവും കൈവിട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറി. എന്നാല്‍, നീലക്കുപ്പായത്തില്‍ ഓള്‍ഡ്‌ട്രഫോര്‍ഡിലെ പുല്‍മൈതാനിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പന്തുകൊണ്ട് കിവീസിനെ തുടക്കത്തില്‍ തന്നെ വിറപ്പിച്ചു. നാലാം ഓവറിലെ മൂന്നാം പന്തില്‍ മാര്‍ട്ടിന്‍ ഗുപ്‌ടിലിനെ നഷ്‌ടമായതോടെ ന്യൂസിലന്‍ഡ് അല്‍പം കരുതലോടെ കളിക്കാന്‍ തുടങ്ങി.
വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ സാവധാനം അവര്‍ റണ്‍സ് കണ്ടെത്തി. ഒരുവശത്ത് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരുന്നപ്പോഴും നായകന്‍ കെയ്‌ന്‍ വില്യംസണും വെറ്ററന്‍ താരം റോസ് ടെയ്‌ലറും നേടിയ അര്‍ധസെഞ്ച്വറികള്‍ അവര്‍ക്ക് ജീവശ്വാസം നല്‍കി. ഒടുവില്‍ 50 ഓവറും പൂര്‍ത്തിയാകുമ്പോള്‍ അവരുടെ സ്‌കോര്‍ ബോര്‍ഡിലേക്കെത്തിയത് 8 വിക്കറ്റ് നഷ്‌ടത്തില്‍ 239 റണ്‍സാണ്.
സമകാലിക ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ അനായാസം പിന്തുടരാന്‍ സാധിക്കുന്ന താരതമ്യേന ചെറിയ ഒരു വിജയലക്ഷ്യം. ഗാലറിയിലുണ്ടായിരുന്ന, ടെലിവിഷന് മുന്നില്‍ കളി കണ്ടിരുന്ന ആരാധകരെല്ലാം ഇന്ത്യന്‍ ജയം സ്വപ്‌നം കണ്ടു. എന്നാല്‍, വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചൊരു സൂചനപോലും ആരുടെയും മനസിലേക്ക് അപ്പോള്‍ എത്തിയിരുന്നില്ല എന്നതാണ് സത്യം.