ലണ്ടന്‍ : ആഷസ് പരമ്പരയില്‍ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയുടെ റണ്ണൗട്ട് വിവാദങ്ങള്‍ക്ക് വഴിവച്ചരിക്കുകയാണ്. ഇംഗ്ലണ്ട് ഇന്നിങ്‌സിന്‍റെ 52-ാം ഓവറിലാണ് ബെയര്‍സ്റ്റോ പുറത്താവുന്നത്. ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് പന്തെറിഞ്ഞിരുന്നത്.
ഗ്രീനിന്‍റെ ഷോര്‍ട്ട് ബോള്‍ ദേഹത്ത് തട്ടാതിരിക്കാന്‍ ക്രീസില്‍ നിന്ന് ബെയര്‍സ്റ്റോ അത് ലീവ് ചെയ്യുന്നു. തുടര്‍ന്ന് ക്രീസ് വിട്ടിറങ്ങിയ ഇംഗ്ലീഷ് താരത്തെ പന്ത് ലഭിച്ച ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി റണ്ണൗട്ടാക്കുകയായിരുന്നു. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തതോടെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് അമ്പയര്‍ ഔട്ട് വിധിച്ചത്.
ഓസീസ് ടീമിന്‍റെ പ്രവര്‍ത്തി ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ അതില്‍ തെറ്റില്ലെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനിടെ ബെയര്‍സ്റ്റോയുടെ പുറത്താവലിന് ഏറെ സമാനമായ മറ്റൊരു പഴയ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2011-ലെ നോട്ടിങ്‌ഹാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംസ് ധോണി ഇംഗ്ലണ്ട് ബാറ്റര്‍ ഇയാന്‍ ബെല്ലിനെ തിരിച്ചുവിളിച്ചതാണ് സംഭവം.
ഇഷാന്ത് ശര്‍മ എറിഞ്ഞ പന്ത് സ്‌ട്രൈക്കിലുണ്ടായിരുന്ന ഇയാന്‍ മോര്‍ഗന്‍ അതിര്‍ത്തിയിലേക്ക് പായിച്ചു. ഓടിയെത്തിയ പ്രവീണ്‍ കുമാര്‍ ലൈനിന് തൊട്ടടുത്തുവച്ച് ഈ പന്ത് ബൗണ്ടറിയാവാതെ തടഞ്ഞിരുന്നു. എന്നാല്‍ പന്ത് ബൗണ്ടറിയായെന്ന് തെറ്റിദ്ധരിച്ച ബെല്ലും ഇയാന്‍ മോര്‍ഗനും ഓട്ടം അവസാനിപ്പിച്ച് ക്രീസിന് പുറത്ത് സംസാരത്തിലേര്‍പ്പെട്ടു. ഇതിനിടെ ഇന്ത്യന്‍ താരങ്ങള്‍ ബെല്ലിനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്ണൗട്ടാക്കുകയായിരുന്നു.