മുബൈ : എം എസ് ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നായക സ്ഥാനം ഒഴിഞ്ഞു. 15ാം സീസണ്‍ മത്സരങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് തീരുമാനം. രവീന്ദ്ര ജഡേജയ്‌ക്കാണ് ചുമതല കൈമാറിയത്.
2008 ല്‍ ടീമിന്‍റെ നായക സ്ഥാനമേറ്റെടുത്ത ധോണി 12 സീസണുകളിലാണ് ചെന്നൈയെ നയിച്ചിട്ടുള്ളത്. താരത്തിന് കീഴില്‍ നാല് ഐപിഎല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ചെന്നൈ സ്വന്തമാക്കിയിട്ടുണ്ട്. ആകെ 204 മത്സരങ്ങളില്‍ ടീമിനെ നയിച്ചു.
121 മത്സരങ്ങള്‍ ജയിച്ചുകയറിയപ്പോള്‍ 82 മത്സരങ്ങളില്‍ മാത്രമാണ് തോല്‍വി വഴങ്ങിയത്. 59.60 ആണ് വിജയ ശതമാനം. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്‌ക്ക് (59.68 ശതമാനം) മാത്രമാണ് ഐപിഎല്ലില്‍ ധോണിയേക്കാള്‍ കൂടുതല്‍ വിജയ ശതമാനമുള്ളത്.
ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിനൊപ്പമുണ്ടാവുമെന്നാണ് ചെന്നൈ മാനേജ്‌മെന്‍റിന്‍റെ പ്രതികരണം.
2012 ലാണ് ജഡേജ ചെന്നൈയിലെത്തുന്നത്. ധോണിക്കും സുരേഷ് റെയ്‌നയ്ക്കും ശേഷം ചെന്നൈയുടെ ക്യാപ്റ്റനാകുന്ന മൂന്നാമത്തെ മാത്രം ക്രിക്കറ്റ് താരമാണ് ജഡേജ.