മംഗൗങ് ഓവല്‍ :അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഓപ്പണര്‍ ബാറ്ററായി (Most International Centuries By an Opener) ഓസ്‌ട്രേലിയന്‍ ഇടം കയ്യന്‍ താരം ഡേവിഡ് വാര്‍ണര്‍ (David Warner). ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ (South Africa vs Australia 2nd ODI) തകര്‍പ്പന്‍ സെഞ്ച്വറിയോടെയാണ് വാര്‍ണര്‍ റെക്കോഡ് പട്ടികയുടെ തലപ്പത്തേക്ക് എത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ മറികടന്നത് (David Warner Breaks Sachin Tendulkar Record).
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഡേവിഡ് വാര്‍ണറിന്‍റെ 46-ാമത്തെയും ഏകദിന കരിയറിലെ 20-ാമത്തെയും സെഞ്ച്വറി ആയിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പിറന്നത് (David Warner Centuries). രാജ്യാന്തര ക്രിക്കറ്റിലെ 343-ാം മത്സരത്തിലാണ് വാര്‍ണര്‍ സച്ചിന്‍റെ, കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ ബാറ്റര്‍ എന്ന റെക്കോഡ് മറികടന്നത്. 346 മത്സരങ്ങളില്‍ ഇന്ത്യയുടെ ഓപ്പണറായി കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 45 തവണയാണ് സെഞ്ച്വറി നേടിയിട്ടുള്ളത്.
മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ വാര്‍ണറിനായി. രണ്ടാം ഏകദിനത്തില്‍ 93 പന്ത് നേരിട്ട വാര്‍ണര്‍ 106 റണ്‍സ് നേടിയാണ് പുറത്തായത്. പരമ്പരയിലെ ആദ്യ കളിയില്‍ മികവ് കാട്ടാന്‍ ഓസീസ് ഓപ്പണര്‍ക്ക് സാധിച്ചിരുന്നില്ല.
പ്രോട്ടീസിനെ വീഴ്‌ത്തി ഓസീസ് ഒന്നാം സ്ഥാനത്തേക്ക് (ICC ODI RANKINGS) :ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ വമ്പന്‍ ജയത്തോടെ ഐസിസി ഏകദിന റാങ്കിങ്ങില്‍ പാകിസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയക്കായി. മത്സരത്തില്‍, 123 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അവര്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 392 എന്ന കൂറ്റന്‍ സ്‌കോറാണ് അടിച്ചെടുത്തത്.