ബെംഗളൂരു :അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തോടെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ അഞ്ച് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Rohit Sharma 5 Centuries In T20I). ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 പന്തില്‍ 121 റണ്‍സായിരുന്നു രോഹിത് ശര്‍മ പുറത്താകാതെ അടിച്ചെടുത്തത്. മത്സരത്തില്‍ 11 ബൗണ്ടറികള്‍ അടിച്ച രോഹിത് 8 പ്രാവശ്യം പന്ത് ചിന്നസ്വാമിയിലെ ഗാലറിയില്‍ എത്തിക്കുകയും ചെയ്‌തിരുന്നു.
ബെംഗളൂരുവില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയെ തുടക്കത്തിലേ അഫ്‌ഗാന്‍ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കിയിരുന്നു. 22 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ പിഴുതത്. യശസ്വി ജയ്‌സ്വാള്‍ നാലും ആദ്യ രണ്ട് മത്സരങ്ങളിലെയും ഹീറോയായ ശിവം ദുബെ ഒരു റണ്ണുമായും പുറത്തായി. വിരാട് കോലിയും പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കുമായി.
പിന്നാലെയെത്തിയ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ചാണ് രോഹിത് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 64 പന്തുകള്‍ നേരിട്ടായിരുന്നു രോഹിത് ശര്‍മ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 19-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഇന്ത്യന്‍ നായകന്‍ അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ അഞ്ച് സെഞ്ച്വറികള്‍ സ്വന്തമാക്കുന്ന ആദ്യ താരമായി മാറിയത് (Most Centuries In T20I Cricket).
ഇന്ത്യയുടെ ടി20 സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവ്, ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ പിന്നിലാക്കിയാണ് രോഹിത് ഈ നേട്ടത്തിലേക്ക് എത്തിയത്. നാല് സെഞ്ച്വറികളാണ് ടി20 ക്രിക്കറ്റില്‍ സൂര്യയുടെയും മാക്‌സ്‌വെല്ലിന്‍റെയും അക്കൗണ്ടിലുള്ളത്. 2018ന് ശേഷം ടി20 ക്രിക്കറ്റില്‍ രോഹിത് ശര്‍മ നേടുന്ന ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്.
അതേസമയം, ഡബിള്‍ സൂപ്പര്‍ ഓവറിനൊടുവിലാണ് അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്‌ത് രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 212 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ റഹ്മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, ഗുല്‍ബദിന്‍ നൈബ് എന്നിവരുടെ അര്‍ധസെഞ്ച്വറികളും മുഹമ്മദ് നബിയുടെ വെടിക്കെട്ടും ഇന്ത്യന്‍ സ്കോറിനൊപ്പം അഫ്‌ഗാനിസ്ഥാനെ എത്തിച്ചു.
Also Read :ചിന്നസ്വാമിയിലെ സൂപ്പര്‍ ഓവര്‍ 'ഡബിള്‍ ധമാക്ക' ; ഇന്ത്യയെ ഞെട്ടിച്ച് കീഴടങ്ങി അഫ്‌ഗാനിസ്ഥാന്‍
തുടര്‍ന്ന് ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സാണ് അഫ്‌ഗാനിസ്ഥാന്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ പോരാട്ടവും 16 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം രണ്ടാമത്തെ സൂപ്പര്‍ ഓവറിലേക്കും നീങ്ങി. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ 11 റണ്‍സ് അടിച്ചപ്പോള്‍ അഫ്‌ഗാനിസ്ഥാന് ഒരു റണ്‍സ് മാത്രമായിരുന്നു നേടാന്‍ സാധിച്ചത് (India vs Afghanistan 3rd T20I Result).