കേപ്‌ടൗണ്‍: ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനുറച്ച് കേപ്‌ടൗണിലിറങ്ങിയ ഇന്ത്യയ്‌ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെയാണ് ദക്ഷിണാഫ്രിക്ക തിരികെ കയറിയത്. (India vs South Africa) കേപ്‌ടൗണില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയര്‍ 23.2 ഓവറില്‍ വെറും 55 റണ്‍സിനാണ് 10 വിക്കറ്റുകളും നഷ്‌ടപ്പെടുത്തിയത്.
തീതുപ്പിയ മുഹമ്മദ് സിറാജിന്‍റെ പന്തുകള്‍ക്ക് മുന്നിലാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. പേസും സ്വിങ്ങും മികച്ച രീതിയില്‍ ഉപഗോയിച്ച് ആറ് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. അതും ഒമ്പത് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി.
താരത്തിന്‍റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണിത്. 2023-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പോര്‍ട് ഓഫ് സ്‌പെയ്‌നില്‍ 60ന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. 2021-ല്‍ ബ്രിസ്‌ബണില്‍ 73 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. (Mohammed Siraj record).
പ്രോട്ടീസിന്‍റെ പ്രധാന ബാറ്റര്‍മാരായ ഡീൻ എൽഗാർ (15 പന്തില്‍ 4), എയ്ഡൻ മാർക്രം (10 പന്തില്‍ 2), ടോണി ഡി സോർസി (17 പന്തില്‍ 2), ഡേവിഡ് ബെഡിംഗ്ഹാം (17 പന്തില്‍ 12), കെയ്ൽ വെറെയ്നെ (30 പന്തില്‍ 15), മാർക്കോ ജാൻസെൻ (3 പന്തില്‍ 0) എന്നിവരെയായിരുന്നു സിറാജ് ഇരയാക്കിയത്. ഈ മികവോടെ ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ നിഴലില്‍ മാത്രം ഒതുങ്ങേണ്ട താരമല്ല താനെന്ന് മിയാന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.