ഏഷ്യ കപ്പ് കിരീടത്തില്‍ ഇന്ത്യ (Asia Cup Champions 2023) എട്ടാം തവണയും മുത്തമിട്ടപ്പോള്‍ പന്തുകൊണ്ട് മിന്നും പ്രകടനമാണ് പേസര്‍ മുഹമ്മദ് സിറാജ് (Mohammed Siraj) ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ (R Premadasa Stadium) നടത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ശ്രീലങ്ക ഒരിക്കല്‍പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ഇതുപോലൊരു കൂട്ടത്തകര്‍ച്ച, അതും സ്വന്തം നാട്ടില്‍. മത്സരത്തില്‍ ടീം ഇന്ത്യ ആകെ എറിഞ്ഞത് 15.2 ഓവറാണ്.
അതില്‍ ഏഴ് ഓവറും പന്തെറിഞ്ഞത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. 21 റണ്‍സ് വിട്ടുകൊടുത്ത സിറാജ് ആറ് വിക്കറ്റും എറിഞ്ഞിട്ടു. സിറാജിന്‍റെ ഈ പ്രകടനമാണ് ഫൈനലില്‍ ശ്രീലങ്കയുടെ നടുവൊടിച്ചത്. ഈ മാസ്‌മരിക പ്രകടനത്തിന് മത്സരത്തിലെ താരമായും സിറാജ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ സിറാജിന് 5000 ഡോളറായിരുന്നു (4.15 ലക്ഷം) ലഭിച്ചത്. ഈ തുക ശ്രീലങ്കന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നല്‍കാനായിരുന്നു സിറാജ് തീരുമാനിച്ചതും (Mohammed Siraj Dedicates Prize Money To Ground Staffs in Sri lanka). പലപ്പോഴും മഴ മുടക്കിയ ടൂര്‍ണമെന്‍റ് അവര്‍ ഉള്ളതുകൊണ്ടാണ് ഇത്ര ഭംഗിയായി അവസാനിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ഫൈനലിന് ശേഷം സിറാജ് അഭിപ്രായപ്പെട്ടു.
ഭൂരിഭാഗം മത്സരങ്ങളിലും രസംകൊല്ലിയായി മഴ പെയ്‌ത ഏഷ്യ കപ്പായിരുന്നു ഇക്കുറി. ആദ്യം പാകിസ്ഥാനായിരുന്നു ടൂര്‍ണമെന്‍റ് വേദിയായി തീരുമാനിച്ചത്. എന്നാല്‍, ബിസിസിഐ ടീമിനെ അയക്കില്ലെന്ന് ശാഠ്യം പിടിച്ചതോടെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തയ്യാറായത്.