മുംബൈ:ഏകദിന ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഇന്ത്യയ്‌ക്കായി കളത്തിലേക്ക് ഇറങ്ങാന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയ്‌ക്ക് കഴിഞ്ഞിട്ടില്ല. കാല്‍ക്കുഴയ്‌ക്ക് പറ്റിയ പരിക്കാണ് 33-കാരനെ കളത്തിന് പുറത്തിരുത്തുന്നത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള സ്‌ക്വാഡില്‍ ഫിറ്റ്‌നസിന് വിധേയമായി ഷമിയെ ആദ്യം സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ കഴിയാതെ വന്നതോടെ പരമ്പരയില്‍ നിന്നും ഒഴിവാക്കി.
ഷമിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് നിലവില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് ഷമി. ജനുവരി അവസാനത്തില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് 33-കാരന്‍ പറയുന്നത്. നിലവില്‍ പരിശീലനം ആരംഭിച്ചതായും ഒരു ദേശീയ മാധ്യമത്തോട് താരം പറഞ്ഞിരിക്കുന്നത്. (Mohammed Shami Reveals Injury details)
"ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കൽ വിദഗ്ധർ എന്‍റെ പുരോഗതിയിൽ സന്തുഷ്‌ടരാണ്. കണങ്കാലിന് ചെറിയൊരു അസ്വസ്ഥതയുണ്ട്. എന്നാല്‍ പരിശീലന സെഷനുകൾ ആരംഭിച്ചു. ഇഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ എനിക്ക് തിരിച്ചുവരവ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായാണ് ഞാന്‍ ലക്ഷ്യം വയ്‌ക്കുന്നത്"- മുഹമ്മദ് ഷമി പറഞ്ഞു.
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നത്. ജനുവരി 25-ന് ഹൈദരാബാദിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് തുടങ്ങുക. പിന്നീട് 15-ന് രാജ്‌കോട്ട്, 23-ന് റാഞ്ചി, മാര്‍ച്ച് ഏഴിന് ധര്‍മശാല എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.
(India vs England Test Series 2024 Schedule). പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ ഷമിയ്‌ക്ക് കഴിഞ്ഞേക്കില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിനിടെയാണ് ഷമിയ്‌ക്ക് പരിക്കേല്‍ക്കുന്നത്. ഇതിന്‍റെ കടുത്ത വേദന സഹിച്ചുകൊണ്ടാണ് ടൂര്‍ണമെന്‍റിലുടനീളം 33-കാരന്‍ ഇന്ത്യയ്‌ക്കായി അത്ഭുത പ്രകടനം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്ത് വന്നിരുന്നു.