മുംബൈ: ടി20 ലോകകപ്പില്‍ നിന്നും പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് ഷമിയാണ് പ്രധാന സ്ക്വാഡില്‍ ഇടം നേടിയത്. ഷമി ഓസ്‌ട്രേലിയയിൽ എത്തിയിട്ടുണ്ടെന്നും സന്നാഹ മത്സരങ്ങൾക്ക് മുന്നോടിയായി ടീമിനൊപ്പം ചേരുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ഷമി പ്രധാന സ്ക്വാഡിന്‍റെ ഭാഗമായതോടെ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ പകരക്കാരനായി മുഹമ്മദ് സിറാജ് ഇടം നേടി. ഈ പട്ടികയില്‍ നിന്നും പരിക്കേറ്റ് പുറത്തായ ദീപക് ചഹാറിന് പകരം ശാര്‍ദുല്‍ താക്കൂറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.