ന്യൂഡല്‍ഹി:രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് അര്‍ജുന അവാര്‍ഡ് ഏറ്റുവാങ്ങി ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഇന്ത്യന്‍ മുഹമ്മദ് ഷമി. (Mohammed Shami received Arjuna Award from President Droupadi Murmu). കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായുള്ള മികവാണ് ഷമിയെ അര്‍ജുന അവാര്‍ഡിന് അര്‍ഹനാക്കിയത്. ഏകദിന ലോകകപ്പില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്.
ഷമി നടത്തിയ ഈ അത്ഭുത പ്രകടനം ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു. ഇതോടെ ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയായ അര്‍ജുന അവാര്‍ഡിന് ഷമിക്ക് നല്‍കാന്‍ കേന്ദ്ര കായിക മന്ത്രാലയത്തോട് നേരത്തെ ബിസിസിഐ 'പ്രത്യേക അഭ്യർത്ഥന' നടത്തിയിരുന്നു. ഇത്തവണ അര്‍ജുന അവാര്‍ഡ് ലഭിച്ച ഏക ക്രിക്കറ്ററാണ് 33-കാരനായ ഷമി.
സ്വപ്‌നതുല്യമായ നേട്ടമാണിതെന്ന് ഷമി പ്രതികരിച്ചു. "തീര്‍ത്തും സ്വപ്‌നതുല്യമായ ഒരു നേട്ടമാണിത്. ജീവിതം കടുന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വളരെ ചുരുക്കം പേര്‍ക്കാണ് ഇത്തരത്തിലുള്ള അവാര്‍ഡ് ലഭിക്കുന്നത്.
അക്കൂട്ടത്തില്‍ ഒരാളാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം ഏറെയാണ്. ഈ നിമിഷം വിശീകരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ ചില സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാവും എന്നാണ് എനിക്ക് പറയാനുള്ളത്" അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം മുഹമ്മദ് ഷമി പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന താരമാണ് ഷമി. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് താരത്തിന് പ്ലേയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്. ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായുള്ള താരത്തിന്‍റെ മിന്നും പ്രകടനം കാല്‍ക്കുഴയ്‌ക്കേറ്റ പരിന്‍റെ കടുത്ത വേദനകള്‍ സഹിച്ചുകൊണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.