മുംബൈ:ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി കളിച്ചേക്കില്ല. (Mohammed Shami likely to miss two Tests against England). ഏകദിന ലോകകപ്പിനിടെ കാല്‍ക്കുഴയ്‌ക്കേറ്റ പരിക്ക് പൂര്‍ണമായും ഭേദമാവാത്തതാണ് 33-കാരന്‍റെ തിരിച്ചുവരവ് വൈകിപ്പിക്കുന്നത്. (Mohammed Shami injury). മുഹമ്മദ് ഷമി ഇതേവരെ പന്തെറിയാന്‍ തുടങ്ങിയിട്ടില്ലെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പരമ്പരയ്‌ക്കിറങ്ങാന്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ താരത്തിന് ഫിറ്റ്നസും തെളിയിക്കേണ്ടതുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഫിറ്റ്‌നസിന് വിധേയമായി ഷമിയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കളിപ്പിക്കുന്നതിന് മെഡിക്കല്‍ ടീമിന്‍റെ അനുമതി ലഭിക്കാതെ വന്ന സാഹചര്യത്തില്‍ പരമ്പരയില്‍ നിന്നും പിന്നീട് താരത്തെ ഒഴിവാക്കി.
ഷമിയുടെ അഭാവം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമാവുകയും ചെയ്‌തിരുന്നു. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച സെഞ്ചൂറിയനിലെ പിച്ചില്‍ ഇന്നിങ്‌സിനും 32 റണ്‍സിനുമായിരുന്നു സന്ദര്‍ശകര്‍ പരാജയം സമ്മതിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ പുലികളായപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ജസ്‌പ്രീത് ബുംറ ഒഴികെയുള്ള പേസര്‍മാര്‍ എലികളായി.
അതേസമയം ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഷമി അത്ഭുത പ്രകടനം നടത്തിയത് കടുത്ത വേദന സഹിച്ചുകൊണ്ടായിരുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന ഷമിയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെയാണ് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്.