മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ഹീറോയായി മാറിയ താരമാണ് വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്ത്യയുടെ ആദ്യ മത്സരങ്ങള്‍ പുറത്തിരുന്ന താരത്തിന്‍റെ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് പ്ലേയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്. പിന്നീട് അത്ഭുത പ്രകടനവുമായി കളം നിറഞ്ഞ ഷമിയെയാണ് കാണാന്‍ കഴിഞ്ഞത്.
കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്നും 24 പേരെയാണ് താരം പുറത്താക്കിയത്. ഇതോടെ ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരനാവാനും ഷമിയ്‌ക്ക് കഴിഞ്ഞു. കാല്‍ക്കുഴയ്‌ക്ക് പറ്റിയ പരിക്കുമായാണ് മുഹമ്മദ് ഷമി കളിച്ചതെന്ന് ലോകകപ്പിന് പിന്നാലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഷമിയുടെ പരിക്ക് സാരമായിരുന്നുവെന്നും കടുത്ത വേദന സഹിച്ചുകൊണ്ടാണ് താരം ടൂര്‍ണമെന്‍റിലുടനീളം കളിച്ചതെന്നുമാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.(Mohammed Shami injury).
ബംഗാള്‍ ക്രിക്കറ്റ് ടീമില്‍ ഷമിയുടെ സഹതമാരമായിരുന്നയാളെ ഉദ്ധരിച്ചാണ് വാര്‍ത്ത ഏജന്‍സി പ്രസ്‌തുത റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. പരിക്കില്‍ നിന്നുള്ള വേദന മാറാന്‍ താരത്തിന് നിരന്തരം കുത്തിവയ്‌പ്പുകള്‍ എടുക്കേണ്ടി വന്നുവെന്നാണ് അദ്ദേഹം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരിക്കുന്നത്. (Mohammed Shami Took Pain Injections During Cricket World Cup 2023)
പേരുവെളിപ്പെടുത്താത്ത ഷമിയുടെ മുന്‍ താരത്തിന്‍റെ വാക്കുകള്‍ ഇങ്ങിനെ.... "ഷമിയുടെ പരിക്ക് സാരമായതായിരുന്നു. ലോകകപ്പിനിടെ അദ്ദേഹം സ്ഥിരമായി കുത്തിവയ്പ്പ് എടുത്തതും ടൂർണമെന്റ് മുഴുവൻ വേദനയോടെ കളിച്ചതും പലർക്കും അറിയില്ല. പ്രായമാകുന്തോറും പരിക്കില്‍ നിന്നും സുഖം പ്രാപിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്"- അദ്ദേഹം വ്യക്തമാക്കി.