ലഖ്‌നൗ:ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ ആറാം ജയം ഇന്ത്യ സ്വന്തമാക്കിയ മത്സരത്തില്‍ പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനാണ് പേസര്‍ മുഹമ്മദ് ഷമി (Mohammed Shami) കാഴ്‌ചവെച്ചത്. 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്‍റെ നാല് വിക്കറ്റാണ് ഷമി ലഖ്‌നൗവില്‍ എറിഞ്ഞിട്ടത്. ഏഴോവറില്‍ 22 റണ്‍സ് വഴങ്ങിയായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് നേട്ടം.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി വച്ചത് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ്. അടുത്തടുത്ത പന്തുകളില്‍ ഡേവിഡ് മലാന്‍, ജോ റൂട്ട് എന്നിവര്‍ ബുംറയ്‌ക്ക് മുന്നില്‍ വീണു. പിന്നാലെ എത്തിയ ഷമിയാണ് ത്രീ ലയണ്‍സിനെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്.
ആദ്യം ബെന്‍ സ്റ്റോക്‌സ്, പിന്നെ ജോണി ബെയര്‍സ്റ്റോ ഒടുവില്‍ മൊയീന്‍ അലിയും ആദില്‍ റഷീദും. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ പ്രധാന പ്രതീക്ഷയായിരുന്ന സ്റ്റോക്‌സിനെ വ്യക്തമായൊരു കെണിയില്‍ കുരുക്കിയാണ് ഷമി തിരികെ പവലിയനിലേക്ക് എത്തിച്ചത്. മത്സരത്തില്‍ പത്ത് പന്ത് നേരിട്ട സ്റ്റോക്‌സിന് തന്‍റെ അക്കൗണ്ട് പോലും തുറക്കാന്‍ സാധിച്ചിരുന്നില്ല.
ഒരു ഓവര്‍ ഇടവേളയ്‌ക്ക് ശേഷമായിരുന്നു ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റ് ഷമി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്‍റെ ലിവിങ്സ്റ്റണ്‍-മൊയീന്‍ അലി ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയക്ക് ഷമിയെ പന്തേല്‍പ്പിക്കേണ്ടി വന്നു. നായകന്‍റെ വിശ്വാസം കാത്ത ഷമി 31 പന്തില്‍ 15 റണ്‍സ് നേടിയ അലിയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലാണെത്തിച്ചത്. പിന്നീട് ഷമിയുടെ വേഗത്തിന് മറുപടിയില്ലാതിരുന്ന ആദില്‍ റഷീദ് ക്ലീന്‍ ബൗള്‍ഡായതോടെ ഈ ലോകകപ്പില്‍ താരത്തിന്‍റെ വിക്കറ്റ് നേട്ടം 9 ആകുകയും ചെയ്‌തു.