ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിലും ഡഗ് ഔട്ടിലായിരുന്നു പേസര്‍ മുഹമ്മദ് ഷമിയുടെ (Mohammed Shami) സ്ഥാനം. പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയായിരുന്നു ഈ മത്സരങ്ങളിലെല്ലാം ഇന്ത്യ കളിക്കാനിറങ്ങിയത്. പേസര്‍മാരായി ജസ്‌പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ് അവസാന പതിനൊന്നില്‍ ഇടം പിടിച്ചു, പിന്നെ ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയും ശര്‍ദുല്‍ താക്കൂറും ടീമിലെ സ്ഥിര സാന്നിധ്യമായതോടെയാണ് ഷമിയ്‌ക്ക് അവസരത്തിനായി കാത്തിരിക്കേണ്ടി വന്നത്.
ലോകകപ്പിലേക്കുള്ള മുഹമ്മദ് ഷമിയുടെ തിരിച്ചുവരവില്‍ നിര്‍ണായകമായത് ഇന്ത്യ-ബംഗ്ലാദേശ് മത്സരമായിരുന്നു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെ പിന്നീട് ഇന്ത്യ പ്ലേയിങ് ഇലവനിലും മാറ്റം വരുത്താന്‍ നിര്‍ബന്ധിതരായി. പരിക്കേറ്റ പാണ്ഡ്യയ്‌ക്കൊപ്പം മോശം ഫോമിലുള്ള ശര്‍ദുല്‍ താക്കൂറിനും ടീമിലെ സ്ഥാനം നഷ്‌ടമായതോടെ താന്‍ കാത്തിരുന്ന അവസരം ഷമിയേയും തേടിയെത്തി.
അങ്ങനെ പകരക്കാരനായെത്തിയ ഷമി പിന്നീട് ടീം ഇന്ത്യയുടെ ഹീറോയാകുന്ന കാഴ്‌ചയ്‌ക്കാണ് ഈ ലോകകപ്പില്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു ലോകകപ്പില്‍ താരത്തിന്‍റെ ആദ്യ മത്സരം. ഇന്ത്യയെപ്പോലെ തന്നെ ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തിയിരുന്ന ടീമാണ് ന്യൂസിലന്‍ഡും.
ആദ്യ നാല് മത്സരങ്ങള്‍ ജയിച്ചെത്തുന്ന ഇന്ത്യയ്‌ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂസിലന്‍ഡിന് സാധിക്കുമെന്നായിരുന്നു ക്രിക്കറ്റ് പണ്ഡിതന്മാരുടെ വിലയിരുത്തല്‍. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌തത് ന്യൂസിലന്‍ഡായിരുന്നു. കരുതലോടെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ ബാറ്റ് വീശിയ കിവീസ് ബൗളര്‍മാരെ ആദ്യ സ്പെല്ലില്‍ തന്നെ വിറപ്പിക്കാന്‍ ഷമിക്കായി.
ഓപ്പണര്‍ വില്‍ യങ്ങിനെ മടക്കികൊണ്ട് തന്‍റെ തിരിച്ചുവരവ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട ഷമി ആ മത്സരത്തില്‍ നേടിയത് ആകെ അഞ്ച് വിക്കറ്റുകളാണ്. രചിന്‍ രവീന്ദ്രയുടെയും ഡാരില്‍ മിച്ചലിന്‍റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെ കരുത്തില്‍ കിവീസ് സ്കോര്‍ 300 കടക്കുമെന്ന് തോന്നിപ്പിച്ച സമയത്തും ഇന്ത്യന്‍ ടീമിന്‍റെ രക്ഷകനായി അവതരിക്കാന്‍ ഷമിക്കായിരുന്നു. ആദ്യം രചിന്‍ രവീന്ദ്രയാണ് വീണത്.
പിന്നീടെത്തിയ മിച്ചല്‍ സാന്‍റ്‌നറുടെയും, മാറ്റ് ഹെൻറിയുടെയും സ്റ്റമ്പ് തെറിപ്പിച്ച് വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി. അവസാന ഓവറില്‍ സെഞ്ചൂറിയന്‍ ഡാരില്‍ മിച്ചലിനെ വിരാട് കോലിയുടെ കൈകളില്‍ എത്തിച്ച് അഞ്ച് വിക്കറ്റ് നേട്ടവും ഷമി ആഘോഷിച്ചു. ആ പ്രകടനം വരാനിരിക്കുന്ന കഥയുടെ ട്രെയിലര്‍ മാത്രമായിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്ന രീതിയിലായിരുന്നു ഇംഗ്ലണ്ടിനെതിരെയും ഷമി പന്തെറിഞ്ഞത്.
ഇംഗ്ലണ്ടിന്‍റെ ഇന്‍ഫോം ബാറ്ററായ ബെന്‍ സ്റ്റോക്‌സിനെപ്പോലും വെള്ളം കുടിപ്പിച്ച ഷമി നാല് വിക്കറ്റായിരുന്നു ഈ മത്സരത്തില്‍ എറിഞ്ഞിട്ടത്. ഏഴ് ഓവറില്‍ 22 റണ്‍സ് വഴങ്ങിയായിരുന്നു താരത്തിന്‍റെ നാല് വിക്കറ്റ് നേട്ടം. ഈ പ്രകടനത്തോടെ ലോകകപ്പ് ക്രിക്കറ്റില്‍ അതിവേഗം 40 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കാനും മുഹമ്മദ് ഷമിക്കായി. ലോകകപ്പിലെ 13-ാമത്തെ മത്സരത്തിലാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത്.
ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ ഇപ്പോള്‍ മൂന്നാമനാണ് മുഹമ്മദ് ഷമി. 23, 34 മത്സരങ്ങള്‍ വീതം കളിച്ച് ആകെ 44 വിക്കറ്റ് നേടിയ സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഈ പട്ടികയില്‍ ഇനി ഷമിക്ക് മുന്നിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ആദ്യ മത്സരങ്ങളിലെ പ്രകടനം ഇനിയും ആവര്‍ത്തിച്ചാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബൗളറായി ഇക്കുറി തന്നെ മുഹമ്മദ് ഷമി മാറിയേക്കാം.
Also Read :Rohit Sharma On Win Against England: 'ശരിയായ സ്ഥലങ്ങളില്‍ പന്തെറിഞ്ഞു, അവര്‍ പ്രതിരോധത്തിലായി..' ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് രോഹിത് ശര്‍മ