ന്യൂഡൽഹി:ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരായ ക്രിമിനൽ കേസ് കഴിഞ്ഞ നാല് വർഷമായി ന്യായമായ കാരണങ്ങളൊന്നുമില്ലാതെ സ്‌റ്റേ ചെയ്‌തിരിക്കുന്നു എന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച് മുൻഭാര്യ ഹസിൻ ജഹാൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള വിദേശ പര്യടനങ്ങളിൽ പോലും ഷമി നിയമവിരുദ്ധമായി വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെടുന്നത് തുടരുകയാണെന്ന് ജഹാൻ ആരോപിച്ചു. ഗാർഹിക പീഡനത്തിനും വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടതിനും ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ നൽകിയ പരാതിയിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജഹാൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ഷമിക്കെതിരെ സെഷൻസ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് സ്‌റ്റേ ചെയ്‌ത കൽക്കട്ട ഹൈക്കോടതി ഉത്തരവിനെതിരെ ഇളവ് തേടിയാണ് ചൊവ്വാഴ്‌ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയതിനെതിരെ ജഹാൻ നൽകിയ ഹർജി 2023 മാർച്ച് 28ന് ഹൈക്കോടതി തള്ളിയിരുന്നു. 2018ലാണ് മുഹമ്മദ് ഷമിക്കെതിരെ ഗാർഹിക പീഡനവും വിവാഹേതര ബന്ധങ്ങളും ആരോപിച്ച് ഹസിൻ ജഹാൻ ആദ്യമായി പൊലീസിൽ പരാതി നൽകുന്നത്. ജഹാൻ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് തെളിഞ്ഞാൽ മാപ്പ് പറയുമെന്ന് ഷമിയും വ്യക്തമാക്കിയിരുന്നു.
ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസിൽ ഷമിയേയും സഹോദരൻ ഹസിബ് അഹമ്മദിനെയും 2019 ൽ കൊൽക്കത്ത പൊലീസിന്‍റെ വനിത പരാതി സെൽ ചോദ്യം ചെയ്യുകയും അലിപൂർ കോടതി ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്‌തു. ഷമിയുടെ ഹർജി പരിഗണിച്ച സെഷൻസ് കോടതി അറസ്റ്റ് വാറണ്ടും ക്രിമിനൽ വിചാരണയുടെ മുഴുവൻ നടപടികളും സ്റ്റേ ചെയ്‌തു.