ധാക്ക : ലോകമെമ്പാടുമുള്ള ടീമുകളെല്ലാം തന്നെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള (ODI World Cup) അവസാനഘട്ട ഒരുക്കങ്ങളിലാണ്. പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ടൂര്‍ണമെന്‍റിലേക്കുള്ള യാത്രയില്‍ ഒരുപടി മുന്നിലാണെന്ന് പറയാന്‍ സാധിക്കും. ഏഷ്യന്‍ ടീമുകള്‍ക്ക് തങ്ങളുടെ ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുന്നതിന് ഏഷ്യ കപ്പ് (Asia Cup) എന്നൊരു ടൂര്‍ണമെന്‍റും മുന്നിലുണ്ട്.
അതുകൊണ്ട് തന്നെ ഏഷ്യയിലെ ഓരോ ടീമിലെയും താരങ്ങളും കഠിന പരിശീലനത്തിലാണ്. വ്യത്യസ്‌ത രീതിയിലാണ് ഓരോ താരങ്ങളുടെയും പരിശീലനം. നെറ്റ്‌സില്‍ പന്തെറിയുന്നതിനും ബാറ്റ് ചെയ്യുന്നതിനും പുറമെ തങ്ങളുടെ മനക്കരുത്ത് വര്‍ധിപ്പിക്കാന്‍ വേണ്ട കാര്യങ്ങളും ഓരോ താരങ്ങളും ചെയ്യുന്നുണ്ട്.
ബാറ്റിങ്, ബൗളിങ് കഴിവിനൊപ്പം തന്നെ ഒരു മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ താരങ്ങളുടെ മനസാന്നിധ്യവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സമ്മര്‍ദം ഏറെയുണ്ടാകുന്ന സാഹചര്യങ്ങളില്‍ താരങ്ങള്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും പലപ്പോഴും ആ മത്സരത്തിന്‍റെ ഫലമുണ്ടാകുന്നത്.
അത്തരത്തിലുണ്ടാകുന്ന സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കാനും തന്‍റെ മനക്കരുത്ത് വര്‍ധിപ്പിക്കാനും വ്യത്യസ്‌തമായ രീതിയിലാണ് ഒരു ബംഗ്ലാദേശ് (Bangladesh) ക്രിക്കറ്റ് താരത്തിന്‍റെ പരിശീലനം. ബംഗ്ല യുവ ഓപ്പണര്‍ മുഹമ്മദ് നയിം ഷെയ്ഖ് (Mohammad Naim Sheikh) ആണ് മനക്കരുത്ത് കൂട്ടാന്‍ തീക്കനലിലൂടെ നടന്നത് (Mohammad Naim Sheikh Walks on Fire). സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.