മെൽബണ്‍: ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അഫ്‌ഗാനിസ്ഥാന്‍റെ നായകസ്ഥാനം രാജിവച്ച് മുഹമ്മദ് നബി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ നാല് റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ താരം വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. ടീമിനും മാനേജ്‌മെന്‍റിനും ആവശ്യമുള്ളിടത്തോളം കാലം രാജ്യത്തിനായി കളിക്കുമെന്നും താരം വ്യക്‌തമാക്കി. ലോകകപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു മത്സരത്തിൽ പോലും അഫ്‌ഗാന് വിജയിക്കാനായിട്ടില്ല.
'നമ്മുടെ ടി20 ലോകകപ്പ് യാത്ര അവസാനഘട്ടത്തിലേക്ക് എത്തിനിൽക്കുകയാണ്. എന്നാൽ ആരാധകർ പ്രതീക്ഷിച്ച ഒരു ഫലം സ്വന്തമാക്കാൻ ഞങ്ങൾക്കായില്ല. മത്സരങ്ങളുടെ ഫലത്തിൽ നിങ്ങളെപ്പോലെ തന്നെ ഞങ്ങളും നിരാശരാണ്. കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ ടീമിന്‍റെ തയ്യാറെടുപ്പ് ഒരു ക്യാപ്റ്റൻ ആഗ്രഹിക്കുന്നതോ ഒരു വലിയ ടൂർണമെന്‍റിന് ആവശ്യമായതോ ആയ നിലയിലായിരുന്നില്ല.
മാത്രമല്ല കഴിഞ്ഞ ചില പരമ്പരകളിൽ ടീം മാനേജരും, സെലക്ഷൻ കമ്മിറ്റിയും, ഞാനും ഒരേ മനസോടെയല്ല പ്രവർത്തിച്ചത്. അത് ടീമിന്‍റെ സന്തുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ എല്ലാ ബഹുമാനത്തോട് കൂടിയും നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നതായി ഞാൻ അറിയിക്കുന്നു. ടീമിനും മാനേജ്‌മെന്‍റിനും ആവശ്യമുള്ളിടത്തോളം കാലം ഞാൻ രാജ്യത്തിനായി കളിക്കും.
കനത്ത മഴയിലും ഗ്രൗണ്ടിലെത്തിയ നിങ്ങൾക്കും ഞങ്ങളെ പിന്തുണച്ച ലോകമെമ്പാടുമുള്ളവർക്കും എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ സ്നേഹം ഞങ്ങൾക്ക് വളരെയധികം അർഥമാക്കുന്നു. മത്സരങ്ങളുടെ ഫലത്തിൽ നിങ്ങളെപ്പോലെ ഞങ്ങളും നിരാശരാണ്', മുഹമ്മദ് നബി ട്വിറ്ററിൽ കുറിച്ചു.
2013ലാണ് മുഹമ്മദ് നബി ആദ്യമായി അഫ്‌ഗാനിസ്ഥാന്‍റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. തുടർന്ന് 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിന് മുമ്പ് റാഷിദ് ഖാന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്ന് 37 കാരനായ താരം വീണ്ടും ക്യാപ്റ്റനായി ചുമതലയേൽക്കുകയായിരുന്നു. നബിയുടെ കീഴിൽ കളിച്ച 35 ടി20 മത്സരങ്ങളിൽ 16 മത്സരങ്ങൾ അഫ്‌ഗാനിസ്ഥാൻ വിജയിച്ചിട്ടുണ്ട്.