റാഞ്ചി: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ തന്‍റെ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയുടെ യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിന് കഴിഞ്ഞിരുന്നില്ല. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ അര്‍ഷ്‌ദീപ് ഒരു വിക്കറ്റ് വീഴ്‌ത്തിയെങ്കിലും 51 റണ്‍സാണ് താരം വിട്ടുനല്‍കിയത്. കിവീസ് ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ മാത്രം 27 റണ്‍സാണ് അര്‍ഷ്‌ദീപ് വഴങ്ങിയത്.
തന്‍റെ സ്‌പെല്ലില്‍ രണ്ട് വൈഡും ഒരു നോ ബോളും 23കാരനായ അര്‍ഷ്‌ദീപ് എറിയുകയും ചെയ്‌തിരുന്നു. നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് നോബോളുകള്‍ എറിഞ്ഞ അര്‍ഷ്‌ദീപിന്‍റെ തലയില്‍ ചില മോശം റെക്കോഡുകളും പതിച്ചിരുന്നു. ഇപ്പോഴിതാ അര്‍ഷ്‌ദീപ് നോ ബോള്‍ എറിയുന്നതിന് പിന്നിലെ പ്രധാന കാരണം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്.
ദൈർഘ്യമേറിയ റണ്‍-അപ്പ് ആണ് അര്‍ഷ്‌ദീപിന്‍റെ ബോളിങ്ങില്‍ പ്രശ്‌നമാകുന്നതെന്നാണ് കൈഫിന്‍റെ വിലയിരുത്തല്‍. "അർഷ്‌ദീപ് ദൈർഘ്യമേറിയ റൺ-അപ്പ് ഉള്ള ബോളറാണ്. അതിനർഥം അവന് സ്റ്റെപ്പിങ് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം എന്നാണ്.
അര്‍ഷ്‌ദീപിന്‍റെ ഓവർ സ്റ്റെപ്പിങ്ങിനു പിന്നിലെ പ്രധാന കാരണം അവന്‍റെ നീണ്ട റണ്ണപ്പാണ്. ഇത്രയും ദൂരം ഓടി അവന്‍ വെറുതെ ഊര്‍ജം പാഴാക്കുകയാണ്. ഇതോടൊപ്പം തന്‍റെ ആംഗിളില്‍ വളരെയധികം മാറ്റങ്ങളാണ് അവന്‍ വരുത്തുന്നത്.